‘ദശമൂലം ദാമുവിന് ഇതൊക്കെ സിംപിള്‍’; വിമാനം പറത്തി സുരാജ്; വെഞ്ഞാറമൂട്: വീഡിയോ

October 9, 2019

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായ താരമാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി കഥാപാത്രങ്ങള്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ സീരിയസ് കഥാപാത്രങ്ങളും ചലച്ചിത്രലോകത്ത് കൈയടി നേടുന്നു. അതേസമയം സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് സുരാജ് വെഞ്ഞാറമൂട് വിമാനം പറത്തുന്ന ഒരു വീഡിയോ. അമേരിക്കയില്‍വച്ചു ചെറു വിമാനം പറത്തുന്നതിന്റെ വീഡിയോ സുരാജാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചതും.

“ദശമൂലം ദാമുവിന് ഇതൊക്കെ സോ സിംപിള്‍” എന്ന രസകരമായ അടിക്കുറിപ്പോടെയാണ് സുരാജ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. പൈലറ്റിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് താരം പ്രവര്‍ത്തിക്കുന്നതും വീഡിയോയില്‍ കാണാം.

അതേസമയം സുരാജ് വെഞ്ഞാറമൂട് പ്രധാന കഥപാത്രമായെത്തുന്ന പുതിയ ചിത്രമാണ് വികൃതി. സുരാജിനൊപ്പം സൗബിന്‍ സാഹിറും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നു. നവാഗതനായ എം സി ജോസഫാണ് വികൃതി എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും.

കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ അങ്കമാലി സ്വദേശി എല്‍ദോ എന്ന വ്യക്തിയുടെ ജീവിതമാണ് വികൃതി എന്ന ചിത്രം പറയുന്നത്. ശാരീരിക പരിമിധികളുള്ള എല്‍ദോ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരില്‍ ദൃശ്യങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നും തിരികെ വരുമ്പോഴാണ് എല്‍ദോ മെട്രോയില്‍ കിടന്ന് അവശനായി ഉറങ്ങിപോയത്. വികൃതി എന്ന ചിത്രത്തിലൂടെ ഈ സംഭവത്തെ വെള്ളിത്തിരയില്‍ എത്തിക്കുകയാണ് സംവിധായകന്‍.

Read more:പോത്തിന് പിന്നാലെ ഓടി ജനം, ജനത്തിന് പിന്നാലെ പാഞ്ഞ് ഗിരീഷ്; “എന്നാലും എന്നാ ഒരു ഓട്ടമാണിതെന്ന്” സോഷ്യല്‍മീഡിയ: ജല്ലിക്കട്ട് മെയ്ക്കിങ് വീഡിയോ

ചിത്രത്തില്‍ എല്‍ദോയായി വേഷമിടുന്നത് സുരാജ് വെഞ്ഞാറമൂടാണ്. സംസാര ശേഷിയും കേള്‍വി ശക്തിയും നഷ്ടപ്പെട്ട യുവാവായാണ് ചിത്രത്തില്‍ സുരാജ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം മെട്രോയില്‍ അവശനായി കിടന്ന യുവാവിന്റെ ചിത്രങ്ങള്‍ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വ്യക്തിയായാണ് സൗബിന്‍ എത്തുന്നത്. സമീര്‍ എന്നാണ് ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.