നകുലനും ഗംഗയും വീണ്ടും ഒന്നിക്കുന്നു; ശ്രദ്ധനേടി ലൊക്കേഷൻ ചിത്രങ്ങൾ

October 7, 2019

മണിച്ചിത്രത്താഴിലെ നകുലനും ഗംഗയും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവരാണ്. ഈ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയ സുരേഷ് ഗോപിയും ശോഭനയും പുതിയ ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തുന്നു. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ് ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിച്ചെത്തുക. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. സുരേഷ് ഗോപിയ്ക്കും ശോഭനയ്ക്കും പുറമെ കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

‘മൈ ഗോഡ്’ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. 2015 ലാണ് ചിത്രം റിലീസ് ചെയ്‌തത്‌. അതേവര്‍ഷം തന്നെയാണ് തമിഴില്‍ ‘ഐ’ എന്ന ചിത്രവും തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാള ചലച്ചിത്രരംഗത്തേയ്ക്ക് മടങ്ങിയെത്തുകയാണ് പുതിയ ചിത്രത്തിലൂടെ.

2016-ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിച്ച ‘തിര’യാണ് ശോഭന വെള്ളിത്തിരയിലെത്തിയ അവസാന ചിത്രം. 2005- ല്‍ പുറത്തിറങ്ങിയ ‘മകള്‍ക്ക്’ എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചെത്തിയത്. മണിച്ചിത്രത്താഴിന് പുറമെ ‘സിന്ദൂരരേഖ’, ‘ഇന്നലെ’, ‘കമ്മീഷ്ണര്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.