സൗബിനും ടൊവിനോയും ഒന്നിക്കുന്നു; മുഹ്‌സിൻ പരാരി ചിത്രം ‘തല്ലുമാല’ ഉടൻ
മലയാള സിനിമയിൽ ഏറെ ശ്രദ്ധനേടിയ താരങ്ങളാണ് ടൊവിനോ തോമസും, സൗബിൻ സാഹിറും. ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. മുഹ്‌സിൻ പരാരി ചിത്രം ‘തല്ലുമാല’യിലാണ് ഇരുവരും ഒന്നിക്കുന്നത്. 2020 സെപ്തംബറിൽ ചിത്രം റിലീസ് ചെയ്യും. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബുവും റിമാ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് സുഷിന്‍ ശ്യാമാണ് സംഗീതമൊരുക്കുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
അതേസമയം ആഷിഖ് അബു ചിത്രം വൈറസിൽ ടൊവിനോയും സൗബിനും ഒന്നിച്ചഭിനയിച്ചിരുന്നു. നിപാ വൈറസ് പ്രമേയമാക്കി ഒരുക്കിയചിത്രമാണ് വൈറസ്. രേവതി, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, ആസിഫ് അലി, ജോജു ജോര്‍ജ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍ തുടങ്ങി നിരവധി താര നിരകള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. വൈറസിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും തല്ലുമാലയ്ക്കുണ്ട്.
അതേസമയം ടൊവിനോയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം കൽക്കിയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ പൊലീസുകാരനായാണ് താരം വേഷമിടുന്നത്. വികൃതിയാണ് സൗബിന്റേതായി വെള്ളിത്തിരയിൽ അവസാനമെത്തിയ ചിത്രം. കൊച്ചി മെട്രോയിൽ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരില്‍ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ അങ്കമാലി സ്വദേശി എൽദോയുടെ കഥ പറയുന്ന ചിത്രമാണ് വികൃതി.
എടക്കാട് ബറ്റാലിയന്‍ 06, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, മിന്നല്‍ മുരളി, ഫോറന്‍സിക്, എന്നിവയാണ് ടൊവീനോയുടെതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങൾ. അതേസമയം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25, ജാക്ക് ആന്‍ഡ് ജില്‍, ട്രാന്‍സ്, അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍ എന്നിവയാണ് സൗബിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.