അച്ഛന്റെ നില്‍പ്പ് അനുകരിച്ച് ദുല്‍ഖറിന്റെ കുഞ്ഞുമാലാഖ; മനോഹരം ഈ ചിത്രം

October 23, 2019

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന താരങ്ങളുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ മനം കവരുകയാണ് മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞുമാലാഖ മറിയം അമീറ സല്‍മാന്‍. മകള്‍ക്കൊപ്പമുള്ള മനോഹരമായ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചതും.

ദുല്‍ഖര്‍ സല്‍മാനെ നില്‍പ്പില്‍ അനുകരിക്കുന്ന കുഞ്ഞു മറിയമാണ് ചിത്രത്തില്‍. ‘നില്‍പ്പില്‍ പോലും ഒരുപോലെ’ എന്ന ക്യാപ്ഷനോടെയാണ് ഭാര്യ അമാല്‍ സൂഫിയ പകര്‍ത്തിയ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. എന്തായാലും സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു ഈ അച്ഛനും മകളും.

Read more: കൈക്കുഞ്ഞുമായി വോട്ട് ചെയ്യാനെത്തിയ അമ്മയ്ക്ക് തുണയായി പൊലീസ് ഉദ്യോഗസ്ഥന്‍; ‘സ്‌നേഹവാത്സല്യത്തിന്റെ കാക്കി’: വൈറല്‍ വീഡിയോ

അതേസമയം ‘കുറുപ്പ്’ എന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖറും ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.


ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ സുകുമാരക്കുറുപ്പ് വളരെ ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം ശവശരീരം ചുട്ടുകരിച്ചു. താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. പിന്നീട് പിടികിട്ടാപ്പുള്ളിയായി മുദ്രകുത്തിയ സുകുമാരക്കുറുപ്പിന്റെ ജീവിതം മുമ്പും പലരും സിനിമയാക്കിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്നാണ് സൂചന.