തീരാത്ത യാത്രാ പ്രണയം; വിജയനും മോഹനയും ഇതുവരെ സഞ്ചരിച്ചത് 25 രാജ്യങ്ങൾ

October 30, 2019

കാലമെത്ര കഴിഞ്ഞാലും അവസാനിക്കാത്ത യാത്രാപ്രേമവുമായി ഒരു ദമ്പതികൾ…

കൊച്ചിക്കാരുടെ മാത്രമല്ല യാത്രയെ സ്നേഹിക്കുന്ന എല്ലാവരുടെയും മാതൃക ദമ്പതികളാണ് വിജയനും മോഹനയും. ചായക്കട നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ഇരുവരും ഇതുവരെ സഞ്ചരിച്ചത് 24 രാജ്യങ്ങളാണ്. ഇപ്പോഴിതാ 25 മത്തെ രാജ്യമായ ന്യൂസിലന്റിലാണ് ഇവർ ഉള്ളത്.

വാർത്താമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയ ഈ യാത്രാപ്രേമികളെ അന്വേഷിച്ച് നിരവധിയാളുകളാണ് എറണാകുളം ഗാന്ധിനഗറിലെ ശ്രീബാലാജി കോഫി ഹൗസിൽ എത്തുന്നത്.

പലപ്പോഴും യാത്രക്കായുള്ള പണം ഇവരുടെ ചായക്കടയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും തികയാറില്ല. എന്നാലും യാത്രയോടുള്ള അടങ്ങാത്ത പ്രണയത്തിൽ പലപ്പോഴും ലോൺ എടുത്താണ് ഇവർ യാത്ര ചെയ്യുന്നത്. പിന്നീട് യാത്ര കഴിഞ്ഞ്  തിരികെ വന്ന ശേഷം പണി ചെയ്ത് ലോൺ തിരികെ അടയ്ക്കും. നിത്യ വരുമാനത്തിൽ നിന്നും യാത്രക്കായി ദിവസവും എകദേശം 300 രൂപയോളം ഇവർ മാറ്റിവയ്ക്കാറുണ്ട്. ഇവരുടെ തീരാത്ത സഞ്ചാര മോഹത്തെ അഭിനന്ദിച്ച്  യാത്രകൾ സ്പോസർ ചെയ്ത് കൊടുക്കുന്നവരുമുണ്ട്.

യാത്രയോടുള്ള ഇരുവരുടെയും ഇഷ്ടവും കൗതുകവും ഇവരെ എത്തിച്ചത് ഇപ്പോൾ ന്യൂസിലന്റിലാണ്. വർഷങ്ങളായി തുടങ്ങിയ ഇവരുടെ യാത്ര പ്രേമത്തിൽ ആദ്യം ഇന്ത്യ മുഴുവനും സഞ്ചരിച്ച് തീർക്കാനായിരുന്നു തീരുമാനം. പിന്നീട് യു എസ്, ജർമ്മനി, സ്വിറ്റ്സർലൻഡ്, ബ്രസീൽ, അർജന്റീന, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ സന്ദർശനം നടത്തി.