‘ഞാൻ കണ്ട വികൃതികൾ’; വികൃതിയിലെ സുരാജിന്റെ അഭിനയം കൊതിപ്പിക്കുന്നത്, ശ്രദ്ധനേടി ഫേസ്ബുക്ക് കുറിപ്പ്
സൗബിന് സാഹിര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് വികൃതി. നവാഗതനായ എം സി ജോസഫാണ് വികൃതി എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെയും അഭിനേതാക്കളെയും പ്രശംസിച്ച് നടന് കൃഷ്ണന് ബാലകൃഷ്ണന് എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ഏറെ ശ്രദ്ധനേടുന്നത്.
ഞാന്‍ കണ്ട ‘വികൃതി’കള്‍
പ്രിയപ്പെട്ട സുരാജ് വെഞ്ഞാറമൂട്:
നിങ്ങള്‍ അഭിനയത്തിന്റെ ഗതിമാറ്റി തുടങ്ങിയത് ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിലൂടെയാണ്. നിങ്ങളുടെ സൂക്ഷ്മാഭിനയത്തിന്റെ സാധ്യതകള്‍ നിങ്ങള്‍ പരീക്ഷിച്ചുതുടങ്ങി. അന്ന് നിങ്ങളോടൊപ്പം ഞാന്‍ അഭിനയിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ആ ചിത്രത്തിന്റെ അഭിനയം നിങ്ങള്‍ക്ക് ദേശീയ പുരസ്കാരം നേടിത്തന്നു. അതിനുശേഷം നിങ്ങള്‍ ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തില്‍ അഭിനയിച്ച്, നിങ്ങളുടെ ആ സീനിലെ അഭിനയം ആ ചിത്രത്തിന്റെ സാമ്പത്തികവിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. പിന്നെ കിട്ടുന്ന അവസരങ്ങളിലെല്ലാം നിങ്ങള്‍ സൂക്ഷ്മാഭിനയത്തിന്റെ അനന്തസാധ്യതകള്‍ ക്യാമറയ്ക്കുമുന്നില്‍ വാരിവിതറിക്കൊണ്ടേയിരുന്നു. അവസാനം ‘വികൃതി’യില്‍ കൊതിപ്പിക്കുന്ന അഭിനയം കാഴ്ച്ചവയ്ക്കുകയും ചെയ്തു. ‘വികൃതി’യിലെ അവസാന സീന്‍ കണ്ണുനിറഞ്ഞുകൊണ്ട് കണ്ടുതീര്‍ക്കുമ്പോള്‍ അത് നാടകത്തിലായിരുന്നുവെങ്കില്‍ സ്റ്റേജില്‍ കയറി കെട്ടിപ്പിടിച്ച് ഉമ്മവെച്ചേനെ.
പ്രിയ സുഹൃത്ത് സുരഭി ലക്ഷ്മി:
കിട്ടുന്ന അവസരങ്ങള്‍ ഒരു ഷോട്ടിലാണെങ്കിലും പ്രേക്ഷകന്റെ ഓര്‍മ്മയില്‍ നില്ക്കാനുള്ളത് ഇട്ടിട്ടേ പോകാറുള്ളു സുരഭി ലക്ഷ്മി. ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലാണ് നമ്മള് ഒന്നിച്ചഭിനയിച്ചത്. ഒരുപാട് വീടുകളില്‍ ജോലി ചെയ്യുന്ന അതിലുപരി ഒരുപാട് മറ്റ് ജോലികള്‍ ചെയ്യുന്ന ഒരു സമാധാനവും കിട്ടാത്ത വീട്ടമ്മയാവാന് സുരഭി ലോക്കേഷനില്‍ സ്വയം നടത്തുന്ന അഭിനയപരീക്ഷണങ്ങള്‍ നേരില്‍ കാണുകയും അവരോട് അസൂയ തോന്നുകയും ചെയ്തിട്ടുണ്ട്. ആ പരീക്ഷണങ്ങള്‍ ഫലവത്തായത് ദേശീയ അവാര്‍ഡിന്റെ രൂപത്തിലായിരുന്നു. ഒരാള്‍ ഏതൊരു സമയത്തും ജീവിക്കുകയാണ്, കഷ്ടപ്പെടുകയല്ല. കഷ്ടപ്പാടെന്നത് തിരിഞ്ഞുനോക്കുമ്പോള്‍ മാത്രം മനസ്സിലാകുന്ന കാര്യമാണ്. കഷ്ടപ്പാട് അഭിനയിക്കാതെ സുരഭി ‘വികൃതി’യിലെ കഥാപാത്രമായി, അതാണ് ആ കഥാപാത്രത്തിന്റെ വിജയം.
സുഹൃത്ത് സൗബിന് ഷാഹിര്‍:
സന്തോഷേട്ടന്റെ (സന്തോഷ് ശിവന്) സംവിധാനം ചെയ്ത ‘ഉറുമി’ എന്ന ചിത്രത്തില്‍ നമ്മള് സഹസംവിധായകരായി 70 ദിവസത്തോളം പ്രവര്‍ത്തിച്ചു. അതില്‍ നമ്മള് ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഒരുപക്ഷേ അതായിരിക്കും സൗബിന്റെ ആദ്യ അഭിനയച്ചിത്രം (ഉറപ്പില്ല). വികൃതികള്‍ കാണിച്ച് നമ്മളെയെല്ലാം ചിരിപ്പിക്കുന്നതില്‍ വിരുതനായിരുന്നു അന്നും സൗബിന്. അഭിനയിക്കാന്‍ തുടങ്ങിയപ്പോഴും നമ്മളോട് അന്ന് സംസാരിക്കുന്ന സൗബിനെ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. അഭിനേതാവെന്ന നിലയില്‍ ഒരത്ഭുതവും കാണാന്‍ കഴിഞ്ഞില്ല. സൗബിന് സംവിധാനം ചെയ്ത ‘പറവ’യിലും, ‘കമ്മട്ടിപ്പാട’ത്തിലും സൗബിന് അഭിനയത്തിന്റെ കളം മാറ്റി. ‘സുഡാനി ഫ്രം നൈജീരിയ’യിലെത്തിയപ്പോള്‍ അഭിനയത്തിന്റെ സൂക്ഷ്മതലങ്ങള്‍ പുറത്തെടുത്തു. പിന്നെ അഭിനയത്തിന്റെ മികവില്‍ നിന്ന് മികവിലേക്ക് സൗബിന് ശരവേഗത്തില്‍ പാഞ്ഞുപോകുന്നത് ദൂരെമാറിനിന്ന് ഞാനിപ്പോഴും കാണുന്നു. സൗബിന് ‘വികൃതി’യില്‍ ആദ്യപകുതിവരെ തന്റെ സിനിമയിലെത്തിയ കാലത്തെ അഭിനയം പരീക്ഷിക്കുകയും പിന്നെ കഥയുടെ ഗതിമാറുന്നതനുസരിച്ച് തന്റെ അഭിനയം പരിപൂര്ണ്ണതയിലേക്കെത്തിച്ച് പ്രേക്ഷകരുടെ നെഞ്ചില്‍ കയറിക്കൂടുന്നു.
പ്രിയ സുധി കോപ്പ:
‘ആമേന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിച്ചുതുടങ്ങിയ നടന്. ‘ലൗ 24×7’ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച് സുഹൃത്തുക്കളായി. കഥാപാത്രത്തിന് എന്താവശ്യമുണ്ടോ അത് മാത്രം ക്യാമറയ്ക്കുമുന്നില്‍ അഭിനയിക്കുന്ന വിരുതനായ നടന്. ‘പൊറിഞ്ചു മറിയം ജോസി’ലെ കഥാപാത്രം, സാധാരണ ഡിസ്ക്കോ ഡാന്‍സുകാരനായ ഒരു കഥാപാത്രം. ജ്യേഷ്ഠന്റെ മരണസമയത്തെ ശ്രദ്ധേയമായ അഭിനയവും ജ്യേഷ്ഠനെ കൊന്നവന് മരിച്ചതിനുശേഷമുള്ള ഡാന്‍സ് സീനില്‍ ഡാന്‍സ് ചെയ്തുതുടങ്ങുന്നത് പകയും സന്തോഷവും പ്രതികാരം തീര്‍ന്നതിന്റെ സംതൃപ്തിയും ഒത്തിണങ്ങിയ ബോഡി ലാംഗ്വേജിലുള്ള ഡാന്‍സും ഭാവപകര്‍ച്ചയും ഒരു അഭിനേതാവെന്ന നിലയില്‍ ആ സീന്‍ വീണ്ടും വീണ്ടും കണ്ട് പഠിക്കണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ‘വികൃതി’യിലെ കഥാപാത്രം എത്ര തന്മയത്തത്തോടെ പാകത്തിന് സുധി ചെയ്തു ഫലിപ്പിച്ചിരിക്കുന്നു.
നാല് പ്രിയപ്പെട്ടവര്‍ അഭിനയിച്ച ചിത്രം ആയതുകൊണ്ട് മാത്രമല്ല ‘വികൃതി’ പ്രിയപ്പെട്ടതാകുന്നത്, നല്ല സിനിമ ആയതുകൊണ്ടുകൂടിയാണ്. നല്ല സിനിമ അല്ലെങ്കില്‍ നല്ല കഥാപാത്രങ്ങള്‍ ഉണ്ടാകില്ലല്ലോ. ലൈക്കിനും ഷെയറിനും വേണ്ടി സംഭവങ്ങളുടെ പിന്നാമ്പുറവും സെന്റ് ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് ബോധമില്ലാതെ വാസ്തവവിരുധമായി ലൈക്ക് ജേര്‍ണലിസം നടത്തുന്ന ഞാനടക്കമുള്ളവരുടെ മുഖത്തേക്ക് തുപ്പുന്നതായി ചിത്രീകരിക്കാതെ തുപ്പുന്നുണ്ട് ‘വികൃതി’. ‘വികൃതി’ എന്ന സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍. അറിയാതെയെങ്കിലും ലൈക്ക് ജേര്‍ണലിസത്തില്‍ പെട്ടുപോകുന്ന നമ്മളോരോരുത്തരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് ‘വികൃതി’.