വിഹാന് കൂട്ടായി കുഞ്ഞനുജത്തി; രണ്ടാമതും അച്ഛനായ സന്തോഷം പങ്കുവച്ച് വിനീത് ശ്രീനിവാസൻ
നടനായും സംവിധായകനായും ഗായകനായും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. താരത്തിന്റെ ഓരോ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ താരം രണ്ടാമതും അച്ഛനായിരിക്കുകയാണ്. വിനീത് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും.
തന്റെ മകൻ വിഹാന് കൂട്ടായി ഒരു കുഞ്ഞനുജത്തിയെക്കൂടി കിട്ടിയെന്നാണ് വിനീത് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. വിനീതിന്റെയും ഭാര്യ ദിവ്യയുടെയും മൂത്ത മകനാണ് വിഹാൻ. 2012 ലാണ് വിനീത് വിവാഹിതനാകുന്നത്.
അതേസമയം വിനീതിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം മനോഹരമാണ്. അന്‍വര്‍ സാദിഖാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍, നുറുങ്ങു കോമഡികളും മനോഹര ഗാനങ്ങളും ഉള്‍പ്പെടെ ഫാമിലി ഓഡിയന്‍സിന് ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ് മനോഹരം. ചിത്രത്തിൽ ഇന്ദ്രൻസ് ബേസിൽ ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പാട്ട്, സംവിധാനം, അഭിനയം തുടങ്ങിയവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വിനീത് ശ്രീനിവാസന് മലയാള സിനിമയിലെ സകലകലാവല്ലഭനാണ്.