‘മോനെ നീ പറഞ്ഞപോലെ നിന്റെ മുന്നില്‍ ഞാന്‍ തോറ്റിരിക്കുന്നു’; മകനെക്കുറിച്ച് ഹൃദയംതൊടുന്ന വാക്കുകളുമായി നടി സീനത്ത്
സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് നടി സീനത്ത്, മകന്‍ നിതിന്‍ അനിലിനെക്കുറിച്ച് പങ്കുവച്ച കുറിപ്പ്. സീനത്തിന്റെ മകന്‍ നിതിന്‍ അനിലിന്റെ ആദ്യ സംവിധാന സംരംഭമായ ‘എ തിങ് ഓഫ് മാജിക്’ എന്ന ചിത്രം മുംബൈ ചലച്ചിത്ര മേളയില്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടി. മറാത്തി ചിത്രമാണ് ഇത്. മകന്‍റെ നേട്ടത്തെക്കുറിച്ചുള്ളതാണ് സീനത്തിന്‍റെ കുറിപ്പ്.
സീനത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്
മോനെ, നിന്റെ മുന്നില്‍ ഞാന്‍ തോറ്റിരിക്കുന്നു..
എന്റെ മകന്‍ നിതിന്റെ കന്നി ചിത്രമായ
എ തിങ് ഓഫ് മാജിക് ‘ മറാത്തി സിനിമ.
ഇപ്പോള്‍ നടക്കുന്ന മുംബൈ ചലച്ചിത്രമേളയില്‍ (mami)വിജയം കൈവരിച്ചു എന്നറിഞ്ഞപ്പോള്‍ സന്തോഷം മാത്രമല്ല എനിക്ക് അത്ഭുതം കൂടി ഉണ്ടായി. കൂട്ടത്തില്‍ ചെറിയ ഒരു കുറ്റബോധവും. ഞാന്‍ ഒരിക്കലും കരുതിയില്ല ഇത്രയും വിജയിക്കും എന്ന്.
അവനും സുഹൃത്തുക്കളും ഒരു ക്യാമറയും തൂക്കി വണ്ടി കയറുന്നു മഹാരാഷ്രയിലേക്കു സിനിമ എടുക്കാന്‍.
അതും ചെറീയ ഒരു അമൗണ്ടുമായി. ഞാന്‍ അവനെ ശെരിക്കും നിരുത്സാഹപ്പെടുത്തി.. ഇതൊനൊന്നും നടക്കാത്ത കാര്യമാണ്. നീ വിചാരിക്കുന്നപോലെ അത്ര എളുപ്പമല്ല സിനിമ എടുക്കല്‍.
പെട്ടെന്ന് വല്ല ജോലിയിലും കയറാന്‍ നോക്ക്. അല്ലെകില്‍ തുടര്‍ന്നു പഠിക്കു.
സിനിമ തലയ്ക്കു പിടിച്ചാല്‍ ശെരിയാവില്ല ആണ്‍
കുട്ടികകള്‍ക്കു ജോലി വേണം. എന്നൊക്കെ പറഞ്ഞു അവനെ നിരന്തരം ശല്യപ്പെടുത്തികൊണ്ടിരുന്നു. അവസാനം അവന്‍ എനിക്ക് വാക്ക് തന്നു മമ്മാ ഞാന്‍ ഈ ഒരു സിനിമ ചെയ്യട്ടെ അത് കഴിഞ്ഞു എന്താന്നു വച്ചാല്‍ ചെയ്യാം. അതുവരെ എനിക്ക് സമയം തരണം. അപ്പോഴും ഞാന്‍ വിട്ടില്ല ശരി എത്ര സമയം എടുക്കും? ഉത്തരം പെട്ടെന്ന് വന്നു. ഒരു ആറുമാസം. സിനിമ വിജയിച്ചില്ലെങ്കിൽ
തുടര്‍ന്നു പഠിക്കാനോ ജോലിക്കോ.. എന്താന്നു വച്ചാല്‍ ചെയ്യാം.
പക്ഷെ അതുവരെ എന്നെ ഫ്രീ ആക്കി വിടണം.
മനസ്സില്ലാ മനസ്സോടെ ഞാന്‍ സമ്മതം മൂളി..
എന്റെ അടുത്ത ചോദ്യം.അതിന്നു പൈസ ആര് തരും.
അവന്റ പപ്പാ കൊടുക്കുന്ന പോക്കറ്റ് മണി മാത്രമാണ് ബാങ്കില്‍ ഉള്ളത്.
അതൊക്കെ ഞാന്‍ ഉണ്ടാക്കും.
നീയോ? ഞാന്‍ ചിരിച്ചു.
മമ്മയെക്കൊണ്ട് ഇതൊക്കെ ഞാന്‍ മാറ്റി പറയിക്കും നോക്കിക്കോ.
അങ്ങിനെ ഒരിക്കല്‍ പറഞ്ഞു മമ്മാ അടുത്ത ആഴ്ച ഞാന്‍ പോകുന്നു കേട്ടോ.
എങ്ങോട്ട്?
ഷൂട്ടിങ് തുടങ്ങണം.
ഷൂട്ടിങ്ങോ? എനിക്കൊന്നും മനസ്സിലായില്ല.
അവന്‍ പഠിച്ചത് മീഡിയ സ്റ്റഡീസില്‍ ജേണലിസം ആണ്.
നന്നായി എഴുതും. വീട്ടില്‍ ഇരുന്നു ചില ഫ്രീലാന്‍സ് എഴുത്തുകള്‍ ഒക്കെ തുടങ്ങിയിരുന്നു … കിട്ടുന്ന പൈസ ഒക്കെ കൂട്ടി വച്ചു. ബാങ്കില്‍ ചെറുതായി ബാലന്‍സ് കൂടി തുടങ്ങി. എങ്കിലും സിനിമ എടുക്കാന്‍ ലക്ഷങ്ങളും കോ ടികളും ഒക്കെ വേണ്ടേ?
നീ എന്താ ഈ പറയുന്നത് ? ഇതൊക്കെ എടുത്തു തീര്‍ക്കാന്‍ പറ്റുമോ.?
എല്ലാം പറ്റും മമ്മാ..
എന്നിട്ട് കഥ എവിടെ?
അതൊക്കെ ഉണ്ട്.
നിര്‍ബന്ധിച്ചപ്പോള്‍ കഥയുടെ ഒരു ചെറിയ ഭാഗം മാത്രം പറഞ്ഞു തന്നു.
അത്ര സന്തോഷത്തോടെ അല്ലെങ്കിലും ഞാന്‍ അവനെ യാത്ര അയച്ചു. എന്നാലും ഞാന്‍ അത്ര കാര്യം ആക്കി എടുത്തില്ല. കുട്ടികള്‍ അല്ലെ അവര്‍ക്കു അവരുടെ ആഗ്രഹത്തിന് കൂടെ നിന്നു കൊടുക്കണമല്ലോ..
സുഹൃത്തുക്കള്‍എല്ലാവരും കൂടി എന്തോ ചെയ്യുന്നു അത്രേ കരുതിയുള്ളൂ..
പക്ഷെ പറഞ്ഞതു പോലെ സിനിമ എടുത്തു തിരിച്ചെത്തി…
ഇപ്പോള്‍ ഇതാ കുട്ടികള്‍ എടുത്ത സിനിമ മുംബൈ ചലച്ചിത്രമേളയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ??????
മോനെ നീ പറഞ്ഞപ്പോലെ
നിന്റെ മുന്നില്‍ ഞാന്‍ തോറ്റിരിക്കുന്നു.
സിനിമയോടുള്ള നിന്റെ സമീപനം കണ്ടു ഞാന്‍ അഭിമാനിക്കുന്നു. എന്റെ മോന്‍ ഒരുപാട്.. ഒരുപാട്.. ഉയരത്തില്‍ എത്തട്ടെ..
എത്ര ഉയരത്തില്‍ എത്തിയാലും നിന്റെ കാഴ്ചപാടുകളും പെരുമാറ്റ രീതികളും മാറാതെ.. മാറ്റാതിരിക്കണം. എവിടെയും എപ്പോഴും ഏതു സാഹചര്യത്തിലും നീ നീയായി മാത്രം ഇരിക്കണം . അതുമാത്രം മതി.
നിങ്ങളുടെ ഓരോരുതരുടെയും അനുഗ്രഹം അവനോടൊപ്പം ഉണ്ടാവണം