‘ഓണ്‍ എയര്‍ ഈപ്പന്’; ജോഷി- ദിലീപ് ചിത്രം ഒരുങ്ങുന്നു
തിയേറ്ററുകളില്‍ കൈയടി വാങ്ങിയ ‘പൊറിഞ്ചുമറിയംജോസ്’ എന്ന സിനിമക്ക് ശേഷം പുതിയ ചിത്രവുമായെത്തുകയാണ് സംവിധായകന് ജോഷി. ‘ഓണ്‍ എയര്‍ ഈപ്പന്’ എന്നാണ് ചിത്രത്തിന്റെ പേര്. ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്നു.
ദൃശ്യമാധ്യമരംഗം പ്രമേയമാക്കിയാണ് ‘ഓണ്‍ എയര്‍ ഈപ്പന്’ ഒരുങ്ങുന്നതെന്നാണ് സൂചന. മാസ് എന്റര്ടെയ്നര് വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് പുതിയ ചിത്രം. ജാഫേര്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജിന്‍ ജാഫറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നവാഗതരായ അരുണും നിരഞ്ജനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ദിലീപിന് പുറമെ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയരായ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 2020 ജനവുരി അവസാനത്തോടെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
അതേസമയം ‘പൊറിഞ്ചുമറിയംജോസ്’ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രരംഗത്ത് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു സംവിധായകന് ജോഷി. ചെമ്പന്‍ വിനോദും ജോജു ജോര്‍ജും നൈല ഉഷയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ഓഗസ്റ്റ് 23-നായിരുന്നു ചിത്രത്തിന്റെ റിലീസ്.
Read more:‘എന്നാ ചിരിയാ…’! ഫോണിലെ കാമറയിലേക്ക് നോക്കി പൂച്ചയുടെ കിടിലന്‍ സ്മൈല്‍: ചിത്രങ്ങള്‍
60 കളുടെ പശ്ചാത്തലത്തിലൂടെ ആരംഭിച്ച ‘പൊറിഞ്ചുമറിയംജോസ്’ അവസാനിക്കുന്നത് 1985 കളിലാണ്. തൃശൂരിന്റെയും ആലപ്പാട്ട് തറവാടിന്റെയും പള്ളിപ്പെരുന്നാളിന്റെയുമൊക്കെ പശ്ചാലത്തില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചെറിയവനും വലിയവനും തമ്മിലുള്ള അന്തരം എടുത്തുകാണിക്കുന്ന ചിത്രം പറയാതെ പറഞ്ഞിരിക്കുന്നതും സമൂഹത്തില്‍ നിലനിന്നിരുന്ന അല്ലെങ്കില്‍ ചിലയിടങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ആ ഉള്ളവന്റെയും ഇല്ലാത്തവന്റെയും ഇടയിലെ പൊളിറ്റിക്സ് തന്നെയാണ്.
പൊറിഞ്ചു ജോയി, ആലപ്പാട്ട് മറിയം, പുത്തന്‍പള്ളി ജോസ് എന്നീ മൂന്ന് സുഹൃത്തുക്കളുടെ ഹൈസ്കൂള്‍ കാലഘട്ടത്തിലൂടെ ആരംഭിക്കുന്ന കഥ പറഞ്ഞുതുടങ്ങുന്നതും, കാശിന്റെ ബലത്തില്‍ മനുഷ്യനില്‍ ഉണ്ടായ വലിപ്പ ചെറുപ്പത്തെക്കുറിച്ച് തന്നെയാണ്. സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബത്തില്‍ നിന്നും വരുന്ന പൊറിഞ്ചുവിന്, പ്രമാണിയായ ആലപ്പാട്ട് വര്‍ഗീസിന്റെ മകള്‍ മറിയത്തോട് തോന്നുന്ന പ്രണയം, കൂട്ടുകാരന്റെ പ്രണയത്തിന് കട്ട സപ്പോര്‍ട്ടായി ഉറ്റ ചങ്ങാതിയുമുണ്ട്. എന്നാല്‍ സമൂഹത്തില്‍ ഇരുവര്‍ക്കുമുള്ള വലിപ്പ ചെറുപ്പം മൂലം ഒരിക്കലും ഒന്നുചേരാന്‍ കഴിയാത്ത പ്രണയ ജോഡികളായി മാറുന്ന പൊറിഞ്ചുവും മറിയവും. ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും നിമിഷങ്ങളിലൂടെയും ഒരു പള്ളിപെരുന്നാളിനിടയില്‍ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയുമൊക്കെയാണ് ചിത്രത്തിന്റെ സഞ്ചാരം.