കാൻസറിനെ തോൽപിച്ച കഥ പറഞ്ഞ് ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷൻ
കാൻസർ എന്ന മഹാമാരിയിൽ നിന്നും അതിശക്തമായ പോരാട്ടത്തിലൂടെ തിരികെ ജീവിതത്തിലേക്ക് എത്തിയ ആളുകൾ എന്നും മറ്റുള്ളവർക്ക് പ്രചോദനമാണ്. കാന്‍സറിനോടുള്ള തന്റെ പോരാട്ടവും തിരിച്ചുവരവും പങ്കുവയ്ക്കുകയാണ് ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷൻ.
ഭീകരമായ അര്ബുദാവസ്ഥയിൽ നിന്നാണ് രാകേഷ് റോഷൻ ജീവിതത്തിലേക്ക് തിരികെയെത്തിയത്. 2018 ലാണ് രോഗബാധ സ്ഥിരീകരിച്ചത്. 2019-ൽ ശസ്ത്രക്രിയക്കും കീമോതെറാപ്പിക്കും അദ്ദേഹം വിധേയനായി. രോഗം മൂർച്ഛിച്ച അവസ്ഥയിലാണ് രോഗനിര്‍ണയം നടന്നത്. പക്ഷെ അതിവേഗം തന്നെ അദ്ദേഹം ആ അവസ്ഥയെ അതിജീവിച്ചു.
നാക്കിൽ ബാധിച്ച കാൻസർ രാകേഷിനെ ഏറെ ഭയപ്പെടുത്തിയിരുന്നു. കാൻസറിൽ ഏറ്റവും ബുദ്ധിമുട്ട് നാക്കിൽ വരുന്നതിനാണെന്നു രാകേഷ് പറയുന്നു. കാരണം ഭക്ഷണത്തിന്റെ രുചി അറിയില്ല, വെള്ളമോ ചായയോ ഒന്നും കുടിക്കാൻ സാധിക്കില്ല. നാക്ക് മുറിച്ച് കളയേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറഞ്ഞതും. പക്ഷെ രാകേഷ് അതിനു തയാറല്ല എന്ന് അപ്പോൾ തന്നെ അറിയിച്ചു.
മൂന്നു മാസത്തോളം വെള്ളം പോലും കുടിക്കാൻ സാധിക്കാത്ത അവസ്ഥയിൽ ആയിരുന്നു. മാത്രമല്ല മാനസികമായും തകർന്നു. രാകേഷ് അസുഖബാധിതനെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ ഭാര്യ വയ്യാതെയായി. മകൾ സുനൈന അസുഖബാധിത ആയതും ആ സമയത്ത് തന്നെ.
ഒപ്പം ഹൃത്വിക് റോഷന്റെ ബ്രെയിൻ സർജറിയും ആ കാലത്ത് തന്നെയായിരുന്നു. അപ്പോഴൊക്കെയും ആരോടും തന്റെ ബുദ്ധിമുട്ടുകൾ പങ്കുവയ്ക്കാതെ മുന്നോട്ട് നീങ്ങുകയായിരുന്നു രാകേഷ് റോഷൻ. മനോധൈര്യവും കൃത്യമായ ചികിത്സയും നൽകി കാന്‍സറിനെ അതിജീവിച്ചു അദ്ദേഹം.