ബോളിവുഡ് താരങ്ങൾക്കൊപ്പം ഒരേ ഫ്രെയിമിൽ സൗത്ത് ഇന്ത്യൻ താരങ്ങൾ- ഒരു അപൂർവ്വ ഫോട്ടോ

November 15, 2019

ബോളിവുഡ് താരങ്ങൾക്കൊപ്പം ഒരു സംവാദ വേദിയിൽ സൗത്ത് ഇന്ത്യൻ താരങ്ങൾക്ക് അവസരം കിട്ടുക എന്നത് അപൂർവ്വമാണ്. കാരണം ഇന്ത്യൻ സിനിമയുടെ അവസാന വാക്ക് ബോളിവുഡ് ആണെന്ന ഒരു ധാരണ പൊതുവെ സിനിമ രംഗത്തുണ്ട്. എന്നാൽ ആ ഒരു സമ്പ്രദായത്തിന് മാറ്റം വരുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ബോളിവുഡ് താരങ്ങൾക്കൊപ്പം മലയാളം, തമിഴ്, തെലുങ്ക് സിനിമ താരങ്ങൾ ഒരേ ഫ്രെയിമിൽ. സിനിമയുമായി ബന്ധപ്പെട്ട സംവാദ പരിപാടിയായ ‘റൗണ്ട് ടേബിൾ’ എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് താരങ്ങൾ ഒന്നിച്ചത്. മലയാള സിനിമയിൽ നിന്നും പാർവ്വതി തിരുവോത്ത്, തമിഴിൽ നിന്നും വിജയ് സേതുപതി, തെലുങ്കിൽ നിന്നും വിജയ് ദേവരക്കൊണ്ട തുടങ്ങിയവരാണ് ആയുഷ്മാൻ ഖുറാന, ആലിയ ഭട്ട്, ദീപിക പദുകോൺ, മനോജ് വാജ്‌പേയ്, രൺവീർ സിംഗ് എന്നിവർക്കൊപ്പം പങ്കെടുത്തത്.

മലയാള സിനിമയിൽ ദേശിയ ശ്രദ്ധ നേടിയ നടിയാണ് പാർവ്വതി. ‘ടേക്ക് ഓഫ്’ എന്ന സിനിമ പാർവ്വതിയെ മലയാളത്തിന്റെ മുഖമായി ദേശീയതലത്തിൽ വരെ എത്തിച്ചു. ‘ഖരീബ്‌ ഖരീബ്‌ സിംഗിൾ’ എന്ന ബോളിവുഡ് സിനിമ പാർവ്വതിക്ക് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തു. അതിനാൽ തന്നെ ബോളിവുഡ് പരിപാടികളിൽ ഇപ്പോൾ മലയാളത്തെ പ്രതിനിധീകരിക്കാറുള്ളത് പാർവ്വതിയാണ്.

തമിഴ് സിനിമ ലോകത്ത് നിലവിൽ ഏറ്റവും ശ്രദ്ധേയൻ വിജയ് സേതുപതിയാണ്. മറ്റുഭാഷകളിൽ ഇമേജ് നോക്കാതെ അഭിനയിക്കുന്ന വിജയ് സേതുപതി ദേശിയ ശ്രദ്ധ നേടുന്നത് ‘സൂപ്പർ ഡീലക്സ്’ എന്ന സിനിമ മെൽബൺ അന്താരാഷ്ട്ര സിനിമ വേദിയിൽ അംഗീകാരം നേടിയതോടെയാണ്. തമിഴകത്തിന്റെ മുഖമായാണ് റൗണ്ട് ടേബിളിൽ വിജയ് സേതുപതി എത്തിയത്.

Read More:മലയാളികളുടെ ഹൃദയം കീഴടക്കാൻ അന്ന ബെൻ ; ഹെലൻ ഇന്ന് തിയേറ്ററുകളിലേക്ക്

‘അർജുൻ റെഡ്‌ഡി’ എന്ന ഒറ്റ സിനിമ മതി വിജയ് ദേവരക്കൊണ്ടയെ  പരിചയപ്പെടുത്താൻ. അതിനാൽ തന്നെയാണ് തെലുങ്ക് സിനിമ ലോകത്തിന്റെ പ്രതിനിധിയായി വിജയ് ദേവരക്കൊണ്ടയും പരിപാടിയിൽ പങ്കെടുത്തത്. എന്തായാലും ഫിലിം കംപാനിയന്റെ ‘റൗണ്ട് ടേബിൾ’ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.