‘ആ പഴയ നരേന്ദ്രൻ മകൻ ജയകാന്തനും അദ്ദേഹത്തിന്റെ അമ്മവാനും’; കൗതുകചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്ത ചിത്രമാണ് കുഞ്ചാക്കോ ബോബനും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’. കണ്ണൂർ വിമാനത്താവളത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ഈ ചിത്രം. എന്നാൽ വർഷങ്ങൾക്കിപ്പുറം കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായപ്പോൾ അവിടെ വച്ച് കുഞ്ചാക്കോ ബോബനും ശ്രീനിവാസനും ചേർന്നെടുത്ത ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.
സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ കുഞ്ചാക്കോ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രം പങ്കുവെച്ചത്. ‘നരേന്ദ്രൻ മകൻ ജയകാന്തനും അമ്മാവനും …!! കണ്ണൂർ എയർപോർട്ട് വന്നതിന്റെ സന്തോഷം പങ്കിടുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ശ്രീനിവാസൻ എന്നിവർക്ക് പുറമെ ജനാർദ്ദനൻ, ഇന്നസെന്റ്, അസിൻ, സംയുക്ത വർമ്മ, പാർത്ഥിപൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക.
Read also: സംവിധായകരെ വിളിച്ച് ചാൻസ് ചോദിക്കാന് തുടങ്ങിയിട്ട് 24 വർഷം; ഒടുവിൽ കൈവന്ന ഭാഗ്യം, ഹൃദ്യം ഈ കുറിപ്പ്
2001-ൽ പ്രദർശനത്തിനിറങ്ങിയ ചിത്രം കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി കരുണനാണ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത് ശ്രീനിവാസനാണ്.
അതേസമയം കുഞ്ചാക്കൊ ബോബന്റേതായി വെള്ളിത്തിരയിൽ അവസാനമെത്തിയ ചിത്രം വൈറസാണ്. ആഷിഖ് അബു ഒരുക്കിയ ചിത്രത്തിൽ ഡോക്ടറായാണ് താരം വേഷമിട്ടിരിക്കുന്നത്. നിപ വൈറസ് പ്രമേയമാക്കി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.