‘പണവും വസ്തുക്കളും എടുത്തോട്ടെ, രേഖകൾ തിരിച്ചു തന്നാൽ മതി’- ബാഗ് മോഷണം പോയതായി സന്തോഷ് കീഴാറ്റൂർ

കഴിഞ്ഞ ദിവസം ഗൂഡല്ലൂർ സ്വദേശിയായ വിഷ്ണുപ്രസാദ് എന്ന യുവാവിന്റെ വിലപ്പെട്ട രേഖകൾ അടക്കം കാണാതെ പോയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ കണ്ണീരണിഞ്ഞു അപേക്ഷിക്കുന്ന യുവാവിന്റെ വീഡിയോ വളരെ വേഗമാണ് വൈറലായത്. അയാൾക്ക് രേഖകൾ തിരികെ ലഭിക്കുകയും ചെയ്തു. ഇപ്പോൾ തന്റെ വിലയേറിയ രേഖകൾ അടങ്ങിയ ബാഗ് നഷ്ടമായ വിവരം പങ്കുവെച്ചിരിക്കുയാണ് നടൻ സന്തോഷ് കീഴാറ്റൂർ.
യാത്രയ്ക്കിടെ തുരന്തോ എക്സ്പ്രസ്സിൽ നിന്നുമാണ് ബാഗ് നഷ്ടമായത്. പണവും വിലപിടിപ്പുള്ള വസ്തുക്കളും അടങ്ങിയ ബാഗ് ആണ് നഷ്ടമായത്. പണവും വസ്തുക്കളുമെടുത്തിട്ട് രേഖകൾ തിരികെ നൽകാൻ സന്തോഷ് ആവശ്യപ്പെടുന്നു.
ബർത്തിൽ ബാഗ് വെച്ചിട്ട് ബാത്റൂമിൽ പോയപ്പോളാണ് ബാഗ് നഷ്ടമായത്. സാധാരണ ജനറൽ കമ്പാർട്മെന്റിലാണ് സഞ്ചരിക്കാറുള്ളത്. കുറച്ച് കൂടി സുരക്ഷിതമാണല്ലോ എന്നോർത്താണ് എ സി കമ്പാർട്മെന്റിൽ യാത്ര ചെയ്തത്.ഷോൾഡർ ബാഗ് ആണ് നഷ്ടമായത്. റെയിൽവേ പോലീസിൽ പരാതി നൽകിയിരുന്നു. പക്ഷെ മറുപടിയൊന്നുമില്ല. സംശയമുള്ള ഒരാളുടെ ചിത്രം അയച്ച് തന്നിരുന്നു.
ഒപ്പം യാത്ര ചെയ്ത കുടുംബം അയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സന്തോഷ് പറയുന്നു. കംപാർട്മെന്റിൽ കയറി വേഗം തന്നെ പുറത്തിറങ്ങിയെന്നു കുടുംബം പറയുന്നു. ബാഗ് നഷ്ടമായപ്പോൾ ആർ പി എഫ് ഉദ്യോഗസ്ഥരെ ബോധിപ്പിക്കാനും കുറച്ച് കഷ്ടപ്പെട്ടു. അവർ അവിടെങ്ങും ഇല്ലായിരുന്നു. മാത്രമല്ല സി സി ടി വിയോ മറ്റു സുരക്ഷ സംവിധാനമോ ട്രെയിനിൽ ഇല്ലെന്നും എല്ലാവരും കുറേകൂടി ശ്രദ്ധാലുക്കൾ ആകണമെന്നും സന്തോഷ് പറയുന്നു.
Read More:‘അന്ന് ധോണിയുടെ വാക്കിൽ നഷ്ടമായതാണ് ആ സെഞ്ചുറി’- ഗൗതം ഗംഭീർ
ഒരു ഗോൾഡൻ നിറത്തിലുള്ള ലെതർ ബാഗ് ആണ്. അലക്ഷ്യമായി വലിച്ചെറിഞ്ഞതായി കണ്ടാൽ അറിയിക്കണമെന്നും അതിലുള്ള പണവും വിലപിടിപ്പുള്ള സാധനങ്ങളും എടുത്തോട്ടെ , പക്ഷെ പാൻ കാർഡ് , എ ടി എം കാർഡ് തുടങ്ങി ആവശ്യമുള്ള ഒരുപാട് രേഖകൾ ഉണ്ട്.അത് തിരികെ നൽകണം എന്നും നടൻ അഭ്യർത്ഥിച്ചു.