‘മകൻ പുലിമുരുകൻ, അച്ഛനെ വിളിച്ച് സുഖവിവരം തിരക്കി; ലാലേട്ടൻ്റെ മനസ്സിലൊക്കെ എന്നെ പോലൊരു ചെറിയ നടന് സ്ഥാനം ഉണ്ടാവുക!’- മോഹൻലാൽ വിളിച്ച വിശേഷം പങ്കുവെച്ച് സന്തോഷ് കീഴാറ്റൂർ

April 20, 2020

ലോക്ക് ഡൗൺ സമയത്ത് സാമൂഹിക അകലം പാലിച്ച് എല്ലാവരും വീടുകളിൽ തന്നെ കഴിയുന്നതിനൊപ്പം പരസ്പരം സുഖ വിവരങ്ങൾ വിളിച്ചന്വേഷിക്കുകയും ചെയ്യുന്നുണ്ട്. സിനിമ താരങ്ങളും ഇത് ശീലമാക്കിയിട്ടുണ്ട്. നടൻ മോഹൻലാൽ ചെറിയ കലാകാരന്മാരെ പോലും വിളിച്ച് വിശേഷങ്ങൾ അന്വേഷിക്കുന്നുണ്ട്.

ഇപ്പോൾ സന്തോഷ് കീഴാറ്റൂർ തന്നെ മോഹൻലാൽ വിളിച്ച് അന്വേഷിച്ച വിശേഷം പങ്കുവയ്ക്കുകയാണ്. സന്തോഷ് കീഴാറ്റൂർ തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുറിപ്പ് പങ്കുവെച്ചത്.

സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘ഇന്നത്തെ സന്ധ്യ മറക്കാൻ പറ്റില്ല..
മകൻ (പുലിമുരുകൻ)അച്ഛനെ വിളിച്ച് സുഖവിവരം അന്വേഷിച്ചു. മലയാളത്തിൻ്റെ അഭിമാനം, നടനവിസ്മയം പത്മഭൂഷൺ മോഹൻലാൽ നമ്മുടെയൊക്കെ പ്രിയപ്പെട്ട ലാലേട്ടൻ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചു, അമ്മയോട് കുറേ നേരം സംസാരിച്ചു. എന്താ പറയുക, സന്തോഷം അടക്കാൻ പറ്റുന്നില്ല. മലയാള സിനിമയിൽ കുറച്ചു കാലമേ ആയിട്ടുള്ളു ഞാൻ.ചെറിയ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചു വരുന്നു. ലാലേട്ടൻ്റെ മനസ്സിലൊക്കെ എന്നെ പോലൊരു ചെറിയ നടന് സ്ഥാനം ഉണ്ടാവുക! ഇതിൽപ്പരം സന്തോഷം എന്താ വേണ്ടത്.


എൻ്റെ സ്വപ്ന പദ്ധതിയെ പറ്റി(നാടക ആംഫി തീയേറ്റർ ) ഒരു തവണ ലാലേട്ടനോട് പറഞ്ഞിരുന്നു. അതിൻ്റെ നിർമ്മാണത്തെ പറ്റി അടക്കം ഈ സമയത്ത് ഓർത്ത് ചോദിക്കുന്നു. നാടകത്തെ കുറിച്ച് അന്വേഷിക്കുന്നു. എന്തൊരു മനുഷ്യനാ ലാലേട്ടാ നിങ്ങൾ,
സംസാരത്തിൽ മുഴുവൻ സ്നേഹവും കരുതലും… അതെ ലാലേട്ടാ, ഈ ഇരുണ്ട കാലത്തെ നമ്മൾ അതിജീവിക്കും…. മറക്കില്ല ലാലേട്ടാ ഇന്നത്തെ ഫോൺ വിളിക്ക് ഒരു മഴ നനഞ്ഞ സുഖമുണ്ട്. ലോക മലയാളികൾ കാത്തിരിക്കുന്നു കുഞ്ഞാലിമരക്കാറെ ,റാമിനെ, എമ്പുരാനെ… ബറോസിനെ..അണിയറയിൽ ഒരുങ്ങുന്ന നിരവധി നടന വിസ്മയങ്ങൾ കാണാൻ.


ഈ ദുരിത സമയത്ത് മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളായ ജയസൂര്യ, വിജയരാഘവൻചേട്ടൻ സലിംകുമാർ, നന്ദുഏട്ടൻ, സിദ്ധിക്ക, കൃഷ്ണ പ്രസാദ് തുടങ്ങിയവരൊക്കെ വിളിച്ച് സുഖവിവരം അന്വേഷിക്കുന്നു. സഹപ്രവർത്തകരോടുള്ള കരുതൽ. ഒരുപാട് സ്നേഹം പ്രിയപ്പെട്ടവരെ.. നമ്മൾ ഈ കാലത്തെ അതിജീവിക്കും. മലയാള സിനിമ പൂർവ്വാധികം ശക്തിയോടെ മുന്നേറും’.