വള്ളുവനാടിന്റെ ചരിത്രം പറയാൻ ‘മാമാങ്കം’; പ്രദർശനത്തിനെത്തുന്നത് 400- ഓളം തിയേറ്ററുകളിൽ
ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് വള്ളുവനാടിന്റെ ചരിത്രം പറയുന്ന ‘മാമാങ്കം’. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം മികച്ച സ്വീകാര്യത നേടിയിരുന്നു. അതോടൊപ്പം അടുത്തിടെ പുറത്തുവന്ന മമ്മൂട്ടിയുടെ സ്ത്രീ രൂപത്തിലുള്ള പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏറെ നാളുകൾക്കു ശേഷം മമ്മൂട്ടിയെ ചരിത്ര നായകനായി കാണുന്നതിലുള്ള ആവേശത്തിലാണ് മലയാളികൾ. നവംബർ 21 ന് ചിത്രം തിയേറ്ററുകളിലെത്തും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഡിസംബർ 12 ലേക്ക് മാറ്റിവെച്ചിരുന്നു. 400- ഓളം തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.
മലയാളത്തിനു പുറമെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും ‘മാമാങ്കം’ മൊഴിമാറ്റുന്നുണ്ട്. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന ‘മാമാങ്ക’ത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, സുരേഷ് കൃഷ്ണ, അനു സിത്താര, കനിഹ, ബാലൻ, കവിയൂർ പൊന്നമ്മ തുടങ്ങി നിരവധി താരനിരകള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Read also: ‘മിസ്റ്റർ സുരാജ്, നിങ്ങളാരുവാ…ഉസൈൻ ബോൾട്ടോ’; ചിരിപ്പിച്ച് ഒരു ആരാധകന്റെ കുറിപ്പ്
ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ നിര്‍മാണം. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. എന്തായാലും ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.