‘പ്രാണന്റെ നാളം’; ഉള്ളുലച്ച് ‘ഹെലനി’ലെ ഗാനം

November 24, 2019

ചലച്ചിത്ര ആസ്വാദകർക്കിടയിൽ ശ്രദ്ധ നേടുകയാണ് ഹെലൻ എന്ന ചിത്രവും അതിലെ ഗാനങ്ങളും. മലയാളികളുടെ പ്രിയപ്പെട്ട അന്ന ബെൻ നായികയായി എത്തിയ ചിത്രമാണ് ഹെലൻ. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘പ്രാണന്റെ നാളം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. മനു മഞ്ജിത്തിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. ആലാപനം വിനീത് ശ്രീനിവാസൻ.

അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച  പുതിയ ചിത്രമാണ് ‘ഹെലന്‍’. ചിത്രത്തിലെ അഭിനയത്തിന് അന്നയെ പ്രശംസിച്ച് നിരവധി ആളുകൾ എത്തിയിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ ആണ്. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത്  ശ്രീനിവാസനാണ് ചിത്രം നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹെലൻ.

‘ദി ചിക്കന്‍ ഹബ്ബ്’ എന്ന പേരിലുള്ള റസ്റ്റോറന്റിലെ വെയ്ട്രസ് ആണ് അന്ന. റെസ്റ്റോറന്റിലെ കോൾഡ് സ്റ്റോറേജിൽ ഒറ്റപ്പെട്ടുപോകുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അച്ഛൻ- മകൾ ബന്ധത്തിന്റെ ആഴവും സ്നേഹവുമെല്ലാം ചിത്രം വ്യക്തമാക്കുന്നുണ്ട്. അന്ന ബെൻ അവതരിപ്പിക്കുന്ന ഹെലൻ എന്ന കഥാപാത്രത്തിന്റെ അച്ഛൻ വേഷത്തിൽ എത്തുന്നത് നടൻ ലാൽ ആണ്. ലാല്‍ പോള്‍, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ് എന്നിവര്‍ക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.