ആക്രമിക്കാൻ വന്ന യുവാവിനെ 82-കാരി തുരത്തിയോടിച്ചത് ഇങ്ങനെ; വീഡിയോ

November 26, 2019

പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുന്ന നിരവധി അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടേയുമൊക്കെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഇടംനേടാറുണ്ട്. ഇവിടിതാ തന്നെ ആക്രമിക്കാൻ വന്ന ഒരു 82 കാരി അമ്മൂമ്മ, അക്രമിയെ തുരത്തിയോടിച്ച വീരസാഹസിക കഥകളാണ് വൈറലാകുന്നത്. അമ്മൂമ്മ തന്നെയാണ് താൻ അക്രമിയെ ഓടിച്ച കഥ പറയുന്നതും.

പ്രായമായാലും താൻ ഡബിൾ സ്ട്രോങ്ങാണെന്ന് പറയുകയാണ് ഈ അമ്മൂമ്മ. ന്യൂയോർക്കിലെ പ്രശസ്ത ബോഡി ബിൽഡറായ വില്ലി മർഫിയാണ് തന്നെ ആക്രമിക്കാൻ വന്ന യുവാവിനെ ഷാംപുവും ചൂലും മേശയും ഉപയോഗിച്ച് കീഴടക്കിയത്. 82- കാരിയായ വില്ലി മർഫി തനിയെയാണ് താമസം. വർക്ക് ഔട്ട് കഴിഞ്ഞ് ഭക്ഷണവും കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു വില്ലി. അതിനിടെയാണ് ആരോ വിളിക്കുന്ന ശബ്ദം കേട്ട് വില്ലി പുറത്തേക്ക് ചെന്നത്. പുറത്തുനിന്ന വ്യക്തി തനിക്ക് സുഖമില്ലെന്നും ആംബുലൻസ് വിളിച്ച് തരാനും ആവശ്യപ്പെട്ടു. എന്നാൽ ആംബുലൻസ് വിളിക്കാൻ വില്ലി അകത്തേക്ക് പ്രവേശിച്ചപ്പോൾ പുറത്തുനിന്ന ആൾ കതക് തള്ളിത്തുറന്ന് അകത്തേക്ക് കയറുകയായിരുന്നു.

Read also: യൂസഫ് യിഗിതായി ഹരിശങ്കർ; പേര് മാറ്റത്തിന് പിന്നിലെ സത്യം ഇതാണ്

വില്ലിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ വില്ലി അകത്തുണ്ടായിരുന്ന മേശ ഉപയോഗിച്ച് തള്ളിതാഴെയിടുകയും ഷാംപുവും ചൂലും ഉപയോഗിച്ച് അയാളെ തല്ലുകയും ചെയ്‌തു. ഇതിനിടയിൽ പോലീസിലും വില്ലി വിവരമറിയിച്ചു. ആൻഡ്രു ബനാസ് എന്ന വ്യക്തി തന്റെ ട്വിറ്റർ പേജിൽ കൂടിയാണ് വില്ലിയുടെ ഈ സാഹസീക വീഡിയോ പങ്കുവെച്ചത്. ഇപ്പോഴിതാ നിരവധി ആളുകളാണ് ഈ അമ്മൂമ്മയെ പ്രശംസിച്ച് രംഗത്തെത്തുന്നതും.