മണിരത്നം മാജിക്കിൽ ഐശ്വര്യയും; ആകാംക്ഷയോടെ ചലച്ചിത്ര ലോകം

November 13, 2019

മണിരത്നം ചിത്രങ്ങളിലൂടെ വിരിയുന്ന അത്ഭുതങ്ങൾക്ക് എപ്പോഴും ആരാധകർ ഏറെയാണ്. സിനിമാലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന സംവിധായകന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചതുമുതൽ ഏറെ ആകാംക്ഷയിലാണ് സിനിമ പ്രേമികൾ. വൻ താരനിര ഒന്നിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റ പ്രിയ താരം ഐശ്വര്യ ലക്ഷ്മിയും എത്തുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. രമേശ് ബാല പോസ്റ്റ് ചെയ്ത ട്വിറ്ററിലാണ് ചിത്രത്തിൽ ഐശ്വര്യയും എത്തുന്നുവെന്ന സൂചനകൾ വന്നത്. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.

അതേസമയം ചിത്രത്തില്‍ അമിതാഭ് ബച്ചൻ, വിജയ് സേതുപതി, ഐശ്വര്യ റായ്, ജയം രവി, വിക്രം, നയൻ താര തുടങ്ങിയ താരനിരകൾ എത്തുന്നുവെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിൽ ദുൽഖർ സൽമാനും എത്തുന്നുണ്ടെന്നാണ് സൂചന.

കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ‘പൊന്നിയിൻ സെൽവൻ’ ഒരുക്കുന്നത്. ഈ നോവലിനെ ആസ്പദമാക്കി ചിത്രം നിർമ്മിക്കാൻ വർഷങ്ങൾക്ക്  മുമ്പേ മണിരത്നം തീരുമാനിച്ചിരുന്നു. എന്നാൽ അത് പിന്നീട് ഒഴിവാക്കുകയാണ് ചെയ്‌തത്‌. വന്‍ മുതല്‍മുടക്ക് വേണ്ടിവരുമെന്നതിനാല്ലാണ്  2012-ല്‍ ചിത്രം ഏറക്കുറേ ഉപേക്ഷിച്ചത്.

Read also: ഇതാണ് മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട കുട്ടിത്താരങ്ങൾ; വൈറലായി മാമാട്ടിക്കുട്ടിയുടെയും മാളൂട്ടിയുടെയും ചിത്രങ്ങൾ 

പഴയ സ്വപ്ന ചിത്രവുമായി മണിരത്നം വീണ്ടും എത്തുമ്പോൾ വാനോളം പ്രതീക്ഷയുമായാണ് ആരാധകർ കാത്തിരിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സുമായി സഹകരിച്ച്‌ ചിത്രം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് മണിരത്‌നം എന്നാണ് പുറത്തുവരുന്ന  റിപ്പോര്‍ട്ടുകള്‍.

അതേസമയം സിനിമയുടെ ചിത്രീകരണം ഡിസംബർ രണ്ടാം ആഴ്ചയോടെ തായ്ലന്‍ഡില്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. 100 ദിവസം നീണ്ടുനിൽക്കുന്ന ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം നടക്കുന്നത്.