മേപ്പാടനെ കാണാൻ ആരതിയും കൂട്ടരും; ഭയംനിറച്ച് ‘ആകാശഗംഗ’യിലെ രംഗം

November 23, 2019

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് ആകാശഗംഗ 2. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിയേറ്ററുകളിലെത്തിയ ആകാശഗംഗ എന്ന ചിത്രത്തിന് ലഭിച്ച അതേ സ്വീകാര്യതതന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും ലഭിക്കുന്നുണ്ട്. 1999 ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ‘ആകാശഗംഗ’. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഭയാനകമായ മുഹൂര്‍ത്തങ്ങളാണ് വെള്ളിത്തിരയിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ചത്. ടെലിവിഷന്‍ സ്‌ക്രീനുകളിലും ചിത്രം മികച്ച സ്വീകാര്യത നേടി. വിനയനാണ് ‘ആകാശഗംഗ’ എന്ന സിനിമയുടെ സംവിധായകന്‍. ഇപ്പോഴിതാ ചിത്രത്തിലെ ഒരു മനോഹര രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രർത്തകർ.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സെന്തില്‍ കൃഷ്ണ, സലീം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമ്യ കൃഷ്ണന്‍, പ്രവീണ, ആരതി, തെസ്‌നി ഖാന്‍, കനകലത, നിഹാരിക തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം രമ്യാ കൃഷ്ണന്‍ മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് ആകാശഗംഗ 2.

ഗംഗയെന്ന ദാസിപ്പെണ്ണിന്റെ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും തീരാത്ത പകയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ അതിഭയാനക ദൃശ്യങ്ങള്‍ തിയേറ്ററുകളില്‍ പ്രേക്ഷകന്റെ ഉള്ളുലയ്ക്കുന്നു. അതേസമയം ആകാശഗംഗയിലെ ‘പുതുമഴയായി വന്നു നീ…’ എന്ന ഗാനത്തെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സംവിധായകന്‍ വിനയന് സാധിച്ചിട്ടുണ്ട്.

Read also: ഫോട്ടോഷൂട്ടിനിടെ കുരങ്ങ് ചാടിപ്പിടിച്ചത് കല്യാണപ്പെണ്ണിന്റെ തലയിൽ; രക്ഷിക്കാൻ ചെറുക്കന്റെ ബുദ്ധിപരമായ നീക്കം- വീഡിയോ

കലഭാവന്‍ മണിയുടെ ജീവിതകഥ പ്രമേയമാക്കി ഒരുക്കിയ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യ്ക്ക് ശേഷം വിനയന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ആകാശഗംഗ 2. പ്രകാശ് കുട്ടിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. അഭിലാഷ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ആകാശഗംഗ തിയേറ്ററുകളിലെത്തി ഇരുപത് വര്‍ഷം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യഭാഗം ചിത്രീകരിച്ച പാലക്കാട്ടെ വെള്ളിനേഴി ഒളപ്പമണ്ണ മനയിലായിരുന്നു ആകാശഗംഗ 2ന്റെയും ചിത്രീകരണം.