അച്ഛന്റെ ഓർമ്മയിൽ ഒരു മകൻ; ശ്രദ്ധനേടി ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഗാനം

November 13, 2019

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5. 25’. ഇപ്പോഴിതാ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയാണ് ചിത്രത്തിലെ ഒരു ഗാനം. പുലരാൻ നേരം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.  ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗിതം പകർന്നിരിക്കുന്നത് ബിജിബാലാണ്.സൂരജ് സന്തോഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡ് ആണ് മറ്റൊരു ആകര്‍ഷണം. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായെത്തിയത്. ചിത്രത്തിനു വേണ്ടിയുള്ള സുരാജ് വെഞ്ഞാറമൂടിന്റെ മേയ്ക്ക് ഓവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു.

സഹ സംവിധായകനായി ചലച്ചിത്ര രംഗത്തേക്ക് ചുവടുവെച്ച സൗബിൻ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ്. വികൃതി എന്ന ചിത്രത്തിന് ശേഷം താരം നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. നവാഗത സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം മൂൺഷോർട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് നിർമ്മിക്കുന്നത്.

അതേസമയം ബോളിവുഡില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യ ചിത്രം എന്ന പ്രത്യേകതയും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 നുണ്ട്. സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.  സൈജു ശ്രീധരനാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. സൈജു കുറുപ്പ്, മാലാ പാര്‍വ്വതി, മേഘ മാത്യു തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

സൗബിൻ നായകനായി വേഷമിട്ട ആദ്യ ചിത്രം ‘സുഡാനി ഫ്രം നൈജീരിയ’യാണ്. ഈ ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം താരത്തെത്തേടിയെത്തിയത്. സൗബിൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രവും സിനിമ ലോകത്തിന് പുതിയൊരു സംവിധായകനെ വാഗ്ദാനം ചെയ്യുന്നതായിരുന്നു.

Read also: ആറ് പതിറ്റാണ്ടിന്റെ സംഗീത വസന്തത്തിന് പിറന്നാൾ; സുശീലാമ്മയ്ക്ക് സംഗീത സമ്മാനവുമായി ശ്വേതയും 21 ഗായകരും

അടുത്തിടെ സൗബിൻ പ്രധാന കഥാപാത്രമായി എത്തിയ ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയവും, അമ്പിളി എന്ന ചിത്രത്തിലെയും വികൃതിയിലെ അഭിനയവും ഏറെ പ്രശംസ പിടിച്ചുപറ്റിയിരിന്നു. സൗബിനും സുരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വികൃതി എന്ന ചിത്രവും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളും അദ്ദേഹത്തിന്റേതായി ഒരുങ്ങികൊണ്ടിരിക്കുകയാണ്.