അച്ഛനും മകനുമായി സുരാജും സൗബിനും; ശ്രദ്ധ നേടി ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ ആദ്യ ഗാനം: വീഡിയോ
ചലച്ചിത്ര ലോകത്ത് അഭിനയത്തിന്റെ കാര്യത്തില്‍ പകരംവെക്കാനില്ലാത്ത പ്രതിഭകളാണ് സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടും. ‘വികൃതി’ എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തുകയാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ എന്ന ചിത്രത്തിലൂടെ. പ്രഖ്യാപനം മുതല്‍ക്കെ ചിത്രത്തെ പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും മികച്ച പ്രതികരണം നേടി. ഇപ്പോഴിതാ ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുകയാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ എന്ന ചിത്രത്തിലെ ഗാനം.
ചിത്രത്തിലെ ‘കയറില്ല കെട്ടില്‍ പെട്ട് കുടുങ്ങി…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ചിത്രത്തില്‍ സൗബിന്റെ അച്ഛനായാണ് സുരാജ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിനു വേണ്ടിയുള്ള സുരാജ് വെഞ്ഞാറമൂടിന്റെ മേക്ക്ഓവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നുണ്ട്.
Read more:കാല്‍നൂറ്റാണ്ടിന് ശേഷം സംഗീതമാന്ത്രികന്‍ എ ആര്‍ റഹ്മാന്റെ വിസ്മയം മലയാളസിനിമയിലേക്ക്
നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡാണ് മറ്റൊരു ആകര്‍ഷണം. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
അതേസമയം ബോളിവുഡില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യ ചിത്രം എന്ന പ്രത്യേകതയും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 നുണ്ട്. സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സൈജു ശ്രീധരന്‍ സിനിമയുടെ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നു. സൈജു കുറുപ്പ്, മാലാ പാര്‍വ്വതി, മേഘ മാത്യു തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.