പാട്ടുപാടി സൗബിനും കുഞ്ഞപ്പനും; രസകരം ഈ വീഡിയോ

November 25, 2019

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5. 25’. സൗബിൻ സാഹിറിനും സുരാജ് വെഞ്ഞാറമൂടിനുമൊപ്പം റോബോട്ട് കുഞ്ഞപ്പനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം തിയേറ്ററുകളിൽ വിജയക്കുതിപ്പിലാണ്. ഇപ്പോഴിതാ ഏറെ ശ്രദ്ധനേടുകയാണ് ചിത്രത്തിലെ ഒരു കൊച്ചു വീഡിയോ. സൗബിനും കുഞ്ഞപ്പനും ചേർന്ന് പാട്ടുപാടുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇടംനേടുന്നത്.

ഹാസ്യവും സ്നേഹവുമെല്ലാം ഇടകലർത്തി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിനു വേണ്ടിയുള്ള സുരാജ് വെഞ്ഞാറമൂടിന്റെ മേയ്ക്ക് ഓവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിൽ സൗബിന്റെ പിതാവായാണ് സുരാജ് എത്തുന്നത്.

Read also: പറക്കുന്നതിനിടയിൽ വിമാനത്തിൽ തീ; പരിഭ്രാന്തരായി യാത്രക്കാർ, വീഡിയോ

സഹ സംവിധായകനായി ചലച്ചിത്ര രംഗത്തേക്ക് ചുവടുവെച്ച സൗബിൻ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ്. വികൃതി എന്ന ചിത്രത്തിന് ശേഷം സുരാജും സൗബിനും ഒരുമിച്ചെത്തുന്ന ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. നവാഗത സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം മൂൺഷോർട്ട് എന്‍റര്‍ടെയ്ന്‍മെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് നിർമിക്കുന്നത്.

അതേസമയം ബോളിവുഡില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യ ചിത്രം എന്ന പ്രത്യേകതയും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 നുണ്ട്. സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. സൈജു ശ്രീധരനാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. സൈജു കുറുപ്പ്, മാലാ പാര്‍വ്വതി, മേഘ മാത്യു തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.