അന്നയും റോഷനും പ്രധാന കഥാപാത്രങ്ങൾ; മുസ്തഫയുടെ ‘കപ്പേള’ ഒരുങ്ങുന്നു
നടൻ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കപ്പേള’. അന്ന ബെന്നും റോഷൻ മാത്യൂസുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മുസ്തഫയ്ക്കൊപ്പം നിഖില് വാഹിസ്, സുദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രം നിർമിക്കുന്നത് കഥാസ് അണ്ടോള്ഡ് ആണ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിന് ശ്യാം സംഗീത സംവിധാനം നിർവഹിക്കുന്നു. ശ്രീനാഥ് ഭാസി, തന്വി റാം, സുധി കോപ്പ, ജാഫര് ഇടുക്കി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സിദ്ധാര്ത്ഥ് ശിവയുടെ ‘ഐന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തില് പ്രത്യേക പരാമര്ശം മുസ്തഫയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോഴിതാ താരം സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കാൻ ഒരുങ്ങുമ്പോൾ ആരാധകരും ആവേശത്തിലാണ്. അതേസമയം അന്ന ബെൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ഹെലൻ’ എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. മാത്തുക്കുട്ടി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ വിനീത് ശ്രീനിവാസൻ ആണ് നിർമിക്കുന്നത്. ‘ദി ചിക്കൻ ഹബ്’ എന്ന റസ്റ്റോറന്റിൽ വെയിട്രസ് ആണ് അന്നയുടെ കഥാപാത്രം. ഹെലൻ അപ്രതീക്ഷിതമായി കടന്നു പോകുന്ന പ്രതിസന്ധികളും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെയാണ് അന്ന വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന ബെൻ.
റോഷൻ മാത്യുവിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം ‘മൂത്തോൻ’ ആണ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമാണിത്. സ്വവർഗ പ്രണയത്തിന്റെ ആഴവും പരപ്പും തുറന്നുപറഞ്ഞ ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുകയാണ്. നിവിൻ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ റോഷന്റെ അഭിനയത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.