കാല്‍നൂറ്റാണ്ടിന് ശേഷം സംഗീതമാന്ത്രികന് എ ആര് റഹ്മാന്റെ വിസ്മയം മലയാളസിനിമയിലേക്ക്
സംഗീതലോകത്ത് പകരംവയ്ക്കാനില്ലാത്ത ഇതിഹാസമാണ് എ ആര് റഹ്മാന്. സംഗീതമാന്ത്രികന് എന്ന് ലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചു. കാല്നൂണ്ടുകാലത്തെ ഇടവേളയ്ക്ക് ശേഷം എ ആര് റഹ്മാന് മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ബ്ലെസി സംവിധാനം നിര്‍വ്വഹിക്കുന്ന ആടുജീവിതം എന്ന ചിത്രത്തിലൂടെയാണ് സംഗീത മാന്ത്രികന്റെ മടങ്ങിവരവ്. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് ആടുജീവിതം.
ചിത്രത്തില്‍ എ ആര് റഹ്മാന് സംഗീതം നല്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. ഗാനത്തിന്റെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയായി. സംവിധായകന് ബ്ലെസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈറ്റില്‍ ഫ്ളവേഴ്സ് സംഘടിപ്പിച്ച ‘എന്‍ബിടിസി ഫെസ്റ്റീവ് നൈറ്റ് 2019’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബ്ലെസി. എബ്രഹാമിന്റെ ഒരു പ്രൊജക്ടില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ് താനെന്നും മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൃഥ്വിരാജിനൊപ്പം ആരംഭിച്ച പ്രൊജക്ടിന്റെ ഷൂട്ടിംഗ് പകുതി കഴിഞ്ഞുവെന്നും ബ്ലെസി പറഞ്ഞു.
Read more:‘ഓണ്‍ എയര്‍ ഈപ്പന്’; ജോഷി- ദിലീപ് ചിത്രം ഒരുങ്ങുന്നു
1992-ല്‍ മണിരത്നം സംവിധാനം നിര്‍വ്വഹിച്ച റോജ എന്ന ചിത്രത്തിലൂടെ എ ആര് റഹ്മാന് ചലച്ചിത്രസംഗീതരംഗത്ത് ശ്രദ്ധേയനായി. മലയാളത്തില്‍ യോദ്ധാ എന്ന ചിത്രത്തിനുവേണ്ടി എ ആര് റഹ്മാന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. സംഗീത് ശിവന് സംവിധാനം ചെയ്ത യോദ്ധാ 1992-ലാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷം ആ മാന്ത്രികസംഗീതം മലയാളത്തിലേക്കെത്തുമ്പോള്‍ പ്രതീക്ഷയേറെയാണ് പ്രേക്ഷകര്‍ക്കും.
അതേസമയം ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആധാരമാക്കിയാണ് ആടുജീവിതം എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്ഫില് എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന് അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെ പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.