ഫുട്‌ബോള്‍ വാങ്ങാന്‍ കുട്ടിക്കൂട്ടം നടത്തിയ യോഗം സോഷ്യല്‍മീഡിയയില്‍ വൈറലായി; ബോളും ജേഴ്‌സിയും സമ്മാനിച്ച് ഉണ്ണിമുകുന്ദനും സ്‌പെയ്‌നില്‍ നിന്നുള്ള ഫുട്‌ബോള്‍ കോച്ചും: വീഡിയോ

November 8, 2019

കഴിഞ്ഞ ദിവസം സൈബര്‍ലോകത്ത് ശ്രദ്ധ നേടിയ ഒരു വീഡിയോയുണ്ട്. പൈസ പിരിവിട്ടെടുത്ത് ഫുട്‌ബോള്‍ വാങ്ങാന്‍ യോഗംചേര്‍ന്ന കുട്ടിക്കൂട്ടത്തിന്റെ ഒരു വീഡിയോ. സാമൂഹ്യപ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂര്‍ പങ്കുവെച്ച വീഡിയോ നിരവധിപ്പേര്‍ ഏറ്റെടുത്തിരുന്നു. ഒരു യോഗത്തിനു വേണ്ട എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ് കുട്ടിക്കൂട്ടം ഫുട്‌ബോള്‍ വാങ്ങാന്‍ യോഗം ചേര്‍ന്നത്. വീഡിയോ വൈറലായതോടെ കുട്ടിത്താരങ്ങള്‍ക്ക് ഫുട്‌ബോളും ജേഴ്‌സിയുമായെത്തിയിരിക്കുകയാണ് ചിലര്‍. മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദന്‍ കുട്ടികള്‍ക്ക് ജേഴ്‌സിയും ഫുട്‌ബോളും എത്തിച്ചുനല്‍കി. വേക്ക് അപ്പ് ഫുട്‌ബോള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ സ്‌പെയിനില്‍ നിന്നുള്ള അക്കാദമിയുടെ ഹെഡ്‌കോച്ചും കുട്ടികള്‍ക്ക് ഫുട്‌ബോള്‍ സമ്മാനിച്ചു. മറ്റൊരു ഫുട്‌ബോള്‍ കൂട്ടായ്മയും കുട്ടിക്കൂട്ടത്തിന് ഫുട്‌ബോള്‍ നല്‍കി.

തെങ്ങിന്റെ മടലും ഒരു കമ്പും ചേര്‍ത്തുവെച്ച് തയാറാക്കിയ മൈക്കായിരുന്നു കുട്ടികള്‍ നടത്തിയ യോഗത്തിലെ ആകര്‍ഷണങ്ങളില്‍ ഒന്ന്. പ്രസിഡന്റും സെക്രട്ടറിയുമെല്ലാം യോഗത്തില്‍ സംസാരിക്കുന്നുണ്ട്. ഓരോ ദിവസവും മിഠായി വാങ്ങാന്‍ ഉപയോഗിക്കുന്ന പൈസ സൂക്ഷിച്ചുവെച്ച് ആഴ്ചയില്‍ പത്ത് രൂപ വീതം പിരിക്കാനായിരുന്നു തീരുമാനം.

അതേസമയം കൂട്ടത്തിലെ മികച്ച കളിക്കാരെ പൊന്നാടയണിയിച്ച് ആദരിക്കാനും ഇവര്‍ മറന്നില്ല. പരസ്പരം ചേര്‍ത്തുപിടിച്ചുകൊണ്ടും പ്രോത്സാഹിപ്പിച്ചുകൊണ്ടുമൊക്കെയാണ് ഇവര്‍ സംസാരിച്ചത്. ഈ കുട്ടികളുടെ സ്‌നേഹവും സൗഹൃദവുമൊക്കെ കാഴ്ചക്കാരുടെ മനസ്സ് നിറച്ചു. എന്തായാലും കുട്ടിയോഗത്തിന്റെ വീഡിയോ വൈറലായതോടെ കുട്ടികള്‍ ആഗ്രഹിച്ച ഫുട്‌ബോളും അവര്‍ക്ക് ലഭിച്ചു.