സംസ്ഥാനത്ത് നാളെ സിനിമാ ബന്ദ്
സംസ്ഥാനത്ത് നാളെ (നവംബര്‍ 14) ന് സിനിമാ ബന്ധ്. സിനിമാ ടിക്കറ്റുകള്‍ക്ക് അധിക വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബന്ദ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സിനിമാ ചിത്രീകരണം അടക്കം നാളെ നിര്‍ത്തിവെക്കാനാണ് തീരുമാനം. അതേസമയം ജിഎസ്ടിക്കു പുറമെ സിനിമാ ടിക്കറ്റില്‍ നിന്നും വിനോദ നികുതി കൂടി ഈടാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സിനിമാ മേഖലയെ തകര്‍ക്കുമെന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പറഞ്ഞു. അധിക നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് നേരത്തെ രംഗത്തെത്തിയിരുന്നു.
Read more: ‘പലരും പറയാൻ മടിക്കുന്ന സത്യങ്ങളാണ് ഗീതു ഇതിൽ പറയുന്നത്’ – മൂത്തോന് അഭിനന്ദനവുമായി മഞ്ജു വാര്യർ
സിനിമാ ടിക്കറ്റുകള്‍ക്കുള്ള ജിഎസ്ടി നിരക്ക് കുറച്ചതിനെത്തുടര്‍ന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന വിനോദ നികുതി സര്‍ക്കാര്‍ പുനഃസ്ഥാപിച്ചത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ അധിക വിനോദ നികുതി ഈടാക്കാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്കിയ നിര്‍ദ്ദേശം. നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവെങ്കിലും സിനിമാ ടിക്കറ്റിന് ഏര്‍പ്പെടുത്തിയ വിനോദ നികുതി പിന്‍വലിക്കില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നാളെ സിനിമാ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേസമയം കേന്ദ്രസര്‍ക്കാര്‍ സിനിമാ ടിക്കറ്റുകള്‍ക്കുള്ള ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി കുറച്ചിരുന്നു. എന്നാല്‍ പതിനെട്ടിനൊപ്പം അധിക വിനോദ നികുതി ചേര്‍ക്കുകയാണ് തദ്ദേശസ്വയംഭരണ വകുപ്പ് ചെയ്തത്. നൂറ് രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവും നൂറ് രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും നികുതി ചുമത്താനായിരുന്നു തീരുമാനം. ഈ തീരുമാനം സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ നിലപാട്.