വെള്ളിത്തിരയിൽ വിസ്‌മയം സൃഷ്ടിക്കാൻ രജനികാന്ത്; ലക്ഷക്കണക്കിന് കാഴ്ചക്കാരുമായി ‘ദര്‍ബാര്‍’ മോഷൻ പോസ്റ്റർ

November 8, 2019

വെള്ളിത്തിരയിൽ വിസ്‌മയം സൃഷ്ടിക്കാൻ സ്റ്റൈൽ മന്നൻ രജനികാന്തും ലേഡീ സൂപ്പർസ്റ്റാർ നയൻതാരയും വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ ചലച്ചിത്ര ലോകം ഏറെ ആകാംക്ഷയിലാണ്. ‘ദർബാർ’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാലിൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഈ പോസ്റ്റർ കണ്ടിരിക്കുന്നത്.

നയൻതാരയുടെ സിനിമ ജീവിതത്തിന്റെ ആദ്യ കാലഘട്ടത്തിൽ സ്റ്റൈൽ മന്നനൊപ്പം ‘ചന്ദ്രമുഖി’ എന്ന ചിത്രം ചെയ്തിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം എ.ആർ മുരുകദോസ് ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. വിജയ്‌യെ നായകനാക്കി ഒരുക്കിയ ‘സർക്കാരി’ന് ശേഷം മുരുകദോസ് ഒരുക്കുന്ന പുതിയ ചിത്രം കൂടിയാണിത്.

ഒരു പൊളിറ്റിക്കൽ ചിത്രമായിരിക്കും ദര്‍ബാര്‍ എന്നാണ് സൂചന. തമിഴകത്തിന്റ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം നയൻസ് കൂടി  എത്തുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. സന്തോഷ് ശിവനാണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. 28 വർഷങ്ങൾക്ക് ശേഷം രജനികാന്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നതിന്റെ സന്തോഷം നേരത്തെ സന്തോഷ് ശിവൻ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് രജനികാന്ത് ചിത്രം ദളപതിയിലൂടെയാണ് ഇരുവരും ഒന്നിച്ചത്.

അതേസമയം നയൻതാര അഭിനയിക്കുന്ന ഹൊറര്‍ ചിത്രമാണ് സർജുൻ കെ എം സംവിധാനം ചെയ്യുന്ന ‘ഐറ’. ഈ ചിത്രത്തിൽ നയൻസ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. നയൻസ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഐറ’യ്ക്കാണ്. സുദര്‍ശന്‍ ശ്രീനിവാസന്‍, സുന്ദരമൂര്‍ത്തി കെ.എസ്, പ്രിയങ്ക, യോഗി ബാബു എന്നിവരാണ് ചിത്രത്തില്‍ നയന്‍താരയോടൊപ്പം അഭിനയിക്കുന്നത്.

ശിവകാര്‍ത്തികേയനെ നായകനാക്കി രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും നയൻതാരയാണ് നായിക. ചിരഞ്ജീവി നായകനാകുന്ന തെലുങ്ക് ചിത്രം ‘സായ് റാ നരസിംഹ റെഡ്ഡി’യിലും നായികയായി എത്തുന്നത് നയൻസാണ്.