‘കേട്ടറിവിനേക്കാള്‍ വലുതാണ് പീറ്റര്‍ ഹെയ്ന്‍ എന്ന സത്യം’; ചിത്രം പങ്കുവെച്ച് ദിലീപ്

November 5, 2019

‘കേട്ടറിവിനേക്കാള്‍ വലുതാണ് പുലിമുരുകന്‍ എന്ന സത്യം” ഈ ഡയലോഗ് പരിചിതമില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തിയ പുലിമുരുകന്‍ എന്ന ചിത്രത്തിലെ ഈ ഡയലോഗ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ചിത്രത്തിന് ഈ ഡയലോഗുമായി സാമ്യമുള്ള ഒരു അടിക്കുറിപ്പ് നല്‍കിയിരിക്കുകയാണ് ജനപ്രിയതാരം ദിലീപ്. ആക്ഷന്‍ കൊറിയോഗ്രഫര്‍ പീറ്റര്‍ ഹെയ്‌നൊപ്പമുള്ള ചിത്രമാണ് ദിലീപ് പങ്കുവെച്ചിരിക്കുന്നത്. ‘കേട്ടറിവിനേക്കാള്‍ വലുതാണ് പീറ്റര്‍ ഹെയ്ന്‍ എന്ന സത്യം’ എന്ന അടിക്കുറിപ്പും ഫോട്ടോയ്‌ക്കൊപ്പം ദിലീപ് നല്‍കി.

ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന ജാക്ക് ഡാനിയല്‍ എന്ന ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് പീറ്റര്‍ ഹെയ്ന്‍. ചിത്രം നവംബര്‍ 14ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സ്റ്റൈലിഷ് ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലുള്‍പ്പെടുന്ന ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ഡാനിയല്‍’. ഹാസ്യത്തിനും ആക്ഷനും സെന്റിമെന്റ്‌സിനും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Read more:തമിഴ് ചലച്ചിത്രരംഗത്തേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കാന്‍ ഐശ്വര്യ ലക്ഷ്മി; ‘ആക്ഷന്‍’ തിയേറ്ററുകളിലേക്ക്

ദിലീപിനൊപ്പം തമിഴകത്തെ സൂപ്പര്‍ താരം അര്‍ജുനും ‘ജാക്ക് ആന്‍ഡ് ഡാനിയല്‍’ എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. എസ്എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ സംവിധാനം. ജയസൂര്യ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

2007 ല്‍ തിയേറ്ററുകളിലെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും എസ്എല്‍പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ജാക്ക് ആന്‍ഡ് ഡാനിയലിനുണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു കമല്‍ തമീന്‍സാണ് ‘ജാക്ക് ഡാനിയലി’ന്റെ നിര്‍മ്മാണം. ഷാന്‍ റഹ്മാന്‍, ഗോപി സുന്ദര്‍ എന്നിവരാണ് ‘ജാക്ക് ആന്‍ഡ് ഡാനിയലിന്റെ സംഗീത സംവിധാനം. ജോണ്‍കുട്ടിയാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്.