യജമാനനെ മരണം കവര്‍ന്നു, ഇനിയൊരിക്കലും തിരികെ വരില്ലെന്നറിയാതെ കാത്തുനില്‍ക്കുന്ന നായ: വീഡിയോ

November 5, 2019

ചിരി നിറയ്ക്കുന്ന കാഴ്ചകള്‍ മാത്രമല്ല മിഴി നിറയ്ക്കുന്ന ചില കാഴ്ചകളും പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സൈബര്‍ലോകത്തെ മുഴുവൻ നൊമ്പരപ്പെടുത്തുകയാണ് ഒരു നായ. യജമാനന്‍ മരിച്ചതറിയാതെ കുളത്തിന് സമീപം യജമാനനെ കാത്തുനില്‍ക്കുന്ന നായ ഒരു നൊമ്പരക്കാഴ്ചയാണ്. തായ്‌ലന്‍ഡിലെ ചാന്ദപുരിയിലാണ് ഹൃദയഭേദകമായ ഈ കാഴ്ച അരങ്ങേറിയത്.

56 വയസുകാരനായ സോംപ്രസോങ് ശ്രിതോങ്ഖും കൃഷിയിടം നനയ്ക്കുന്നതിനിടെ കുളത്തില്‍ വഴുതി വീണതാണ്. കുളത്തിന്റെ സമീപത്തായി ഇയാളുടെ ചെരുപ്പും ടോര്‍ച്ചുമുണ്ട്. ചെരിപ്പിന് സമീപത്തായി സോംപ്രസോങ് ശ്രിതോങ്ഖുവിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ മഹീയും ഇരിപ്പുണ്ട്. തന്റെ പ്രിയപ്പെട്ട യജമാനന്‍ മരിച്ചതറിയാതെ തിരിച്ചുവരവിനായ് കാത്തിരിക്കുകയാണ് മഹീ എന്ന നായ.

Read more:സൈക്കിള്‍ നിര്‍ത്താതെ ചവിട്ടി രജിഷ; ആവേശം പകര്‍ന്ന് സംവിധായകന്‍: ‘ഫൈനല്‍സ്’ ഫസ്റ്റ്‌ലുക്ക് പിറന്നതിങ്ങനെ: വീഡിയോ

കൃഷിയിടം നനയ്ക്കാന്‍ പോയ സോംപ്രസോങ് ശ്രിതോങ്ഖുവിനെ ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് അര്‍ധസഹോദരി കുളത്തിന്റെ സമീപത്ത് അന്വേഷിച്ചെത്തുകയായിരുന്നു. കുളത്തിന്റെ സമീപത്തായി സോംപ്രസോങ് ശ്രിതോങ്ഖുവിന്റെ ചെരുപ്പും ടോര്‍ച്ചും കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഇവർ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്നാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. അന്വേഷണത്തിനൊടുവിൽ സോംപ്രസോങ് ശ്രിതോങ്ഖുവിന്റെ മൃതശരീരം സുരക്ഷ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.