ഇഷ്ടനടൻ ദുൽഖർ സൽമാൻ: ധ്രുവ് വിക്രം, ചിരി വീഡിയോ

November 9, 2019

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് ചിയാൻ വിക്രം. പലപ്പോഴും ചലച്ചിത്രലോകത്ത് വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാറുണ്ട് താരം. വിക്രമിന്റെ സ്‌നേഹാര്‍ദ്രമായ സംസാരശൈലിയും പലപ്പോഴും പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാറുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ ചിയാന്‍ വിക്രം നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയാണ് ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുന്നത്. മകന്‍ ധ്രുവ് വിക്രം നായകനായെത്തുന്ന ‘ആദിത്യ വര്‍മ്മ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് വിക്രവും  ധ്രുവ് വിക്രവുമടങ്ങുന്ന ടീം തിരുവനന്തപുരത്തെത്തിയത്.

ചിത്രത്തിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ച ധ്രുവ്, മലയാളത്തിലെ തന്റെ ഇഷ്ടനടൻ ദുൽഖർ സൽമാൻ ആണെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണാറുണ്ടെന്നും പറഞ്ഞു. മലയാളത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്നും, ഇന്ത്യൻ സിനിമയുടെ നിലവാരം മലയാളത്തിലാണെന്നും താരം കൂട്ടിച്ചേർത്തു.

‘ആദിത്യ വര്‍മ്മ’യിലെ നായിക പ്രിയ ആനന്ദും വാര്‍ത്താസമ്മേളനത്തില്‍ വിക്രത്തിനൊപ്പമുണ്ടായിരുന്നു. അതേസമയം സിനിമാ തിരക്കുകള്‍ മാറ്റിവെച്ചാണ് വിക്രം തന്റെ സിനിമയുടെ പ്രൊമോഷനുവേണ്ടി വന്നതെന്ന് ധ്രുവ് വിക്രം പറഞ്ഞു. അച്ഛന്‍ കാരണമാണ് താനിവിടെ നില്‍ക്കുന്നതെന്നും കിട്ടിയ അവസരം ഒരിക്കലും ദുരൂപയോഗം ചെയ്യില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

തെലുങ്ക് ചിത്രം ‘അര്‍ജ്ജുന്‍ റെഡ്ഡി’യുടെ തമിഴ് റീമേക്കാണ് ‘ആദിത്യ വര്‍മ്മ’. ‘കബീര്‍ സിങ്’ എന്ന പേരില്‍ ‘അര്‍ജ്ജുന്‍ റെഡ്ഡി’ ഹിന്ദിയിലേക്ക് റിമേക്ക് ചെയ്തിരുന്നു.