ചപ്പുചവറുകള്‍ തുമ്പിക്കൈകൊണ്ടെടുത്ത് ചവറ്റുകുട്ടയില്‍ നിക്ഷേപിക്കുന്ന ആന: വൈറല്‍ വീഡിയോ
ആനയെ ഇഷ്ടപ്പെടുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും പഞ്ഞമില്ല. ആനകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ബുദ്ധിയുടെ കാര്യത്തില്‍ ഒരല്പം മുന്നിലാണ് ആനകള്‍. ചില സാഹചര്യങ്ങളില്‍ മനുഷ്യരെ പോലും വെല്ലുന്ന പ്രായോഗിക ബുദ്ധി പുറത്തെടുക്കാറുണ്ട് ഗജവീരന്മാര്. അടുത്തിടെ വൈദ്യുതി വേലി മറികടക്കാന്‍ ഒരു കാട്ടാന നടത്തുന്ന തന്ത്രപരമായ നീക്കവും, ചക്ക പറിച്ചെടുത്ത് കഴിക്കുന്ന ആനയുടെ ദൃശ്യങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ബുദ്ധിമാനായ മറ്റൊരു ആനയുടെ വീഡിയോയാണ് സൈബര്‍ലോകത്ത് ശ്രദ്ധ ആകർഷിക്കുന്നത്.
പ്രായോഗിക ബുദ്ധി മാത്രമല്ല ഹൃദയത്തില്‍ അല്പം പ്രകൃതി സ്നേഹവുമുണ്ട് ഈ ആനയ്ക്ക്. 2015-ല്‍ പുറത്തിറങ്ങിയതാണ് ഈ വീഡിയോയെങ്കിലും ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാന് കഴിഞ്ഞ ദിവസം വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതോടെ ഈ ആന സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലായിരിക്കുകയാണ്.
സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും ആഫ്രിക്കന്‍ ആനയാണ് വീഡിയോയിലുള്ളത്. ആള്‍ത്താമസമുള്ള ഒരു വീടിന്റെ സമീപത്തെത്തിയ ആന സമീപത്തു കിടക്കുന്ന ചപ്പുചവറുകള്‍ ചവറ്റുകുട്ടയില്‍ കൃത്യമായി പെറുക്കിയിടുന്നതാണ് വീഡിയോയില്‍. ‘പരിസരം ശുചിയാക്കാന്‍ ആനയ്ക്ക് കഴിയുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് നമുക്ക് സാധിക്കുന്നില്ല’ എന്ന തലക്കെട്ടോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
This #elephant has applied for Swatch Bharat mascot. If he can keep his surroundings clean why can’t we. Via WA. pic.twitter.com/ANyhzs0bmu
— Parveen Kaswan, IFS (@ParveenKaswan) November 18, 2019