കേന്ദ്ര കഥാപാത്രങ്ങളായി ആസിഫ് അലിയും രജിഷ വിജയനും; സംവിധാനം ജിബു ജേക്കബ്ബ്; ‘എല്ലാം ശരിയാകും’ ഒരുങ്ങുന്നു

November 16, 2019

മലയാളികള്‍ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ജിബു ജേക്കബ്ബ് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘എല്ലാം ശരിയാകും’ എന്നാണ് ചിത്രത്തിന്റെ പേര്. ആസിഫ് അലിയും രജിഷ വിജയനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് തിരുവല്ല, ഡോ. പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാരിസ്, ഷെല്‍ബിന്‍, നെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആസിഫ് അലിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും രജിഷ വിജയനും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ‘എല്ലാം ശരിയാകും’ എന്ന സിനിമയ്ക്ക്. ഔസേപ്പച്ചനാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. ശ്രീജിത് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’.

അതേസമയം ‘ആദ്യരാത്രി’ എന്ന ചിത്രമാണ് ജിബു ജേക്കബ്ബിന്റെ സംവിധാനത്തില്‍ അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം. ബിജു മേനോന്‍ നായക കഥാപാത്രമായെത്തിയ ‘ആദ്യരാത്രി’ തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി. അജു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.