“ഒന്നല്ല, ഒരായിരം ഉമ്മ കൊടുക്കണം ഇക്കയുടെ ആ മനസ്സിന്”; ഹൃദയംതൊട്ട് മമ്മൂട്ടി ആരാധികയുടെ കുറിപ്പ്‌

November 27, 2019

വെള്ളിത്തിരയില്‍ അഭിനയ വിസ്മയമൊരുക്കുന്ന താരങ്ങളുടെ സമൂഹത്തോടുള്ള ഇടപെടലുകളും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. നടി മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത മമ്മൂട്ടിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ താരം. ഹൃദയ സംബന്ധമായ അസുഖത്തിന്റെ അവശതകളിലാണ് നടി മോളി കണ്ണമാലി. ആറ് മാസത്തോളമായി വീട്ടില്‍തന്നെയാണ്. മാസങ്ങള്‍ക്ക് മുമ്പാണ് ഒരു സ്റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടെ മോളിക്ക് ഹൃദയാഘാതമുണ്ടായത്. മോളി കണ്ണമാലിയുടെ അവസ്ഥ മനസ്സിലാക്കിയ മമ്മൂട്ടി ചികിത്സാ ചിലവ് ഏറ്റെടുക്കുകയായിരുന്നു.

ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് മമ്മൂട്ടിയെക്കുറിച്ച് അനൂജ എന്ന ആരാധിക ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍. നവംബര്‍ 25 -നാണ് ആരാധിക ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.

അനൂജയുടെ വാക്കുകള്‍ ഇങ്ങനെ:

പലരും ചോദിച്ചു എന്താണ് നീ ഇങ്ങനെ മമ്മൂക്കാ മമ്മൂക്കാ എന്നുപറഞ്ഞു നടക്കുന്നത്, അതിനു ഒറ്റകാരണമേ ഉള്ളൂ ഇക്കാ ഒരു താരമല്ല മനുഷ്യനാണ്. മനസാക്ഷി ഉള്ള പച്ചയായ മനുഷ്യന്‍ അത് മാത്രമാണ് കാരണം. ഉദാഹരണം ഇതാ ഇവിടെ ഇന്നലെ ആണ് മോളിചേച്ചിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും പുറത്തു വന്നു തുടങ്ങിയത് ഞാനും പോസ്റ്റ് ഇട്ടു അത്…

ആ പോസ്റ്റിലും ആ പാവം ചേച്ചിക് സഹായം കിട്ടാന്‍ പാടില്ല എന്ന രീതിയില്‍ കമന്റുകള്‍ വന്നിരുന്നു. വളരെ സങ്കടം ആയിരുന്നു അത് കേട്ടുകഴിഞ്ഞപ്പോള്‍ നിസ്സഹായതയെ പോലും ചോദ്യം ചെയ്യുന്നല്ലോ എന്ന്. എന്തായാലും രാവിലെ മുതല്‍ ഇക്കാ ഫാന്‍സ് ഗ്രൂപിലെ കുഞ്ഞുങ്ങള്‍ മെസേജ് ഇട്ടുതുടങ്ങിയിരുന്നു മോളി കണ്ണമാലിയുടെ ചികിത്സാചിലവ് ഇക്കാ ഏറ്റെടുത്തു എന്ന് പറഞ്ഞ്…

സത്യം പറഞ്ഞാല്‍ ആദ്യം വിശ്വസിക്കാന്‍ ഒന്ന് മടിച്ചു. അതുകൊണ്ട് തന്നെ ഉറപ്പ് ആക്കാനായി പലരോടും ചോദിച്ചു. ഒടുവില്‍ ഇപ്പോള്‍ ഒരു വീഡിയോയില്‍ ആ ചേച്ചി തന്നെ പറഞ്ഞു അസുഖത്തിന്റെ ഡീറ്റെയ്ല്‍സ് എല്ലാം കൊടുത്താല്‍ മതി ചികിത്സ ചിലവ് ചെയ്‌തോളാം എന്ന് ഇക്കായുടെ ഓഫീസില്‍ നിന്നും വിളിച്ചു പറഞ്ഞു എന്ന്…

എത്രയോ കേസുകള്‍ ഉണ്ട് ഇങ്ങനെ ചെയ്തുവരുന്നത്. ഒരു ഫോട്ടോ ഇടാനോ ആരോടും ഞാന്‍ ഇത്രയൊക്കെ ചെയ്തു എന്ന് പറയാനോ മിനക്കെടാതെ നന്മയുടെ വഴിയിലൂടെ ഉള്ള യാത്ര. ഒരിക്കല്‍ ഇക്കായോട് ഉള്ള ഇഷ്ടം പറഞ്ഞു ഉമ്മ കൊടുത്തൊരു പോസ്റ്റ് ഇട്ടപ്പോള്‍ അപമാനിക്കാന്‍ വന്നവര്‍ ഉണ്ട് ഇവിടെ. അവരോടൊക്കെ ഒന്ന് പറയാം ഒന്നല്ല ഒരായിരം ഉമ്മ കൊടുക്കാനാണ് എനിക്ക് മോഹം. അത് ഇക്കയുടെ കവിളിനോ ശരീരത്തിനോ അല്ല ആ മനസിനാണ് മനസിന്റെ നന്മക്ക് ആണ്…