അന്ന ബെന്‍ നായികയായി ‘ഹെലെന്‍’; ഈ മാസം തിയേറ്ററുകളിലേക്ക്

November 7, 2019

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയ അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഹെലെന്‍’. സെന്‍സറിങ്ങ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്. ‘ഹെലെന്‍’ ഈ മാസം 15 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

അതേസമയം അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സസ്‌പെന്‍സ് നിറച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ആകാംക്ഷഭരിതമായ മുഹൂര്‍ത്തങ്ങളാണ് ട്രെയ്‌ലറില്‍ ഉടനീളം ഇടം നേടിയിരിക്കുന്നതും.

Read more:‘അവളെ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി…’കിടിലന്‍ താളത്തില്‍ ധമാക്കയിലെ പുതിയ ഗാനം: വീഡിയോ

നവാഗതനായ മാത്തുക്കുട്ടി സേവ്യറാണ് ചിത്രത്തിന്റെ സംവിധായകന്‍. ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘ഹെലെന്‍’. ചിത്രത്തിന്റേതായി പുറത്തെത്തിയ ട്രെയ്‌ലറും ഇത് ശരിവയ്ക്കുന്നുണ്ട്. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഹെലെന്‍’. 2016ല്‍ തിയേറ്ററുകളിലെത്തിയ ‘ആനന്ദം’ ആണ് ഈ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ ചിത്രം.

ലാല്‍ പോള്‍, അജു വര്‍ഗീസ്, റേണി ഡേവിഡ് രാജ് തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ‘ഹെലെന്‍’ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാത്തുക്കുട്ടി സേവ്യറിനൊപ്പം ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഷാന്‍ റഹ്മാന്‍ സംഗീതം ഒരുക്കിയിരിക്കുന്നു. ഷമീര്‍ മുഹമ്മദാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.