ഐസിസി ഏകദിന റാങ്കിങില്‍ കേമന്‍മാരായി ഇന്ത്യന്‍ താരങ്ങള്‍

November 13, 2019

ഐസിസി ഏകദിന റാങ്കിങില്‍ വീണ്ടും കരുത്ത് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍. ബാറ്റിങില്‍ വീരാട് കോഹ്‌ലി
യാണ് ഒന്നാം സ്ഥാനത്ത്. ബൗളിങില്‍ ഇന്ത്യന്‍താരം ജസ്പ്രീത് ബുംറയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഐസിസിയുടെ ഏകദിന റാങ്കിങ് പട്ടികയില്‍ കഴിഞ്ഞ കുറേക്കാലങ്ങളായി ഇന്ത്യന്‍താരങ്ങള്‍ തന്നെയാണ് മുന്നില്‍.

ബാറ്റിങില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്ന വിരാട് കോഹ്‌ലിക്ക് 895 പോയിന്റുകളുണ്ട്. ഇന്ത്യയുടെ ഓപ്പണര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ രോഹിത് ശര്‍മ്മയാണ് രണ്ടാം സ്ഥാനത്ത്. 2019-ല്‍ ബാറ്റിങിൽ മികച്ച പ്രകടനം പുറത്തെടുക്കാന്‍ രോഹിത് ശര്‍മ്മയ്ക്ക് സാധിച്ചിരുന്നു. ഈ മികവ് തന്നെയാണ് താരത്തെ റാങ്കിങില്‍ രണ്ടാം സ്ഥാനത്തെത്തിച്ചതും. 863 പോയിന്റുകളാണ് രോഹിത് ശര്‍മ്മയ്ക്ക്. പത്തൊമ്പതാം സ്ഥാനത്താണ് ശിഖര്‍ ധവാന്‍. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി ഇരുപത്തിമൂന്നാം സ്ഥാനത്താണ്.

Read more:‘ഊര്‍മിള എന്ന കഥാപാത്രത്തിനുവേണ്ടിയെടുത്ത കഠിനാധ്വാനത്തിന് വൈകികിട്ടിയ അംഗീകാരം’: നമിത പ്രമോദിന്‍റെ കുറിപ്പ്

അതേസമയം ബൗളിങില്‍ 797 പോയിന്റുകളുമായാണ് ബുംറ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ന്യൂസിലന്‍ഡ് താരം ട്രെന്റ് ബോള്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. 740 പോയിന്റുകളാണ് ബോള്‍ട്ടിന്. അതേസമയം ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരമാണ് ഇടം നേടിയത്. 246 പോയിന്റുകളുമായി ഹാര്‍ദിക് പാണ്ഡ്യ പത്താം സ്ഥാനത്താണ്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സാണ് ഒന്നാം സ്ഥാനത്ത്.