ഐ.എഫ്.എഫ്.കെ; ഓഫ്‌ലൈന്‍ രജിസ്‌ട്രേഷന്‍ നാളെ മുതല്‍

November 7, 2019

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓഫ്‌ലൈന്‍ രജിസ്‌ട്രേഷന്‍ നാളെ മുതല്‍ ആരംഭിക്കും. ഡിസംബര്‍ ആറ് മുതല്‍ 12വരെയാണ് രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ 2019). ഡിസംബര്‍ ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചാണ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പരിപാടിയില്‍ അധ്യക്ഷനാകും. നടി ശാരദയാണ് ഉദ്ഘാടന സമ്മേളനത്തിലെ മുഖ്യ അതിഥി.

1000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിലും സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം മേഖലാകേന്ദ്രങ്ങളിലും ഓഫ്‌ലൈന്‍ രജിസ്‌ട്രേഷനു സൗകര്യമുണ്ട്. 1500 പേര്‍ക്കാണ് ഓഫ്‌ലൈനായി രജിസ്‌ട്രേഷന്‍ നടത്താന്‍ അവസരം. 500 പാസുകള്‍ തിരുവനന്തപുരത്തും 250 പാസുകള്‍ വീതം മേഖലാകേന്ദ്രങ്ങളിലും ലഭ്യമാകും.

Read more:ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും മൂത്തോനും പിന്നെ നാല്‍പത്തിയൊന്നും; നാളെ തിയേറ്ററുകളിലേക്കെത്തുന്ന ചിത്രങ്ങള്‍

10,000 ഡെലിഗേറ്റ് പാസുകളാണ് ഇത്തവണ വിതരണം ചെയ്യുക. ഇതില്‍ 8500 പാസുകള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍വഴി ലഭ്യമാകും. നവംബര്‍ പത്തിനാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുക. ആദ്യത്തെ രണ്ട് ദിവസം വിദ്യാര്‍ത്ഥികള്‍ക്കും 12 മുതല്‍ പൊതുവിഭാഗത്തിനായുള്ള രജിസ്‌ട്രേഷനും ആരംഭിക്കും.

അതേസമയം മലയാളത്തില്‍ നിന്നും പതിനാല് ചിത്രങ്ങളാണ് മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പനി, ഇഷ്‌ക്, കുമ്പളങ്ങി നൈറ്റ്‌സ്, സൈലന്‍സര്‍, വെയില്‍മരങ്ങള്‍, വൈറസ്, രൗദ്രം, ഒരു ഞായറാഴ്ച, ആന്റ് ദ് ഓസ്‌കര്‍ ഗോസ് ടു, ഉയരെ, കെഞ്ചിര, ഉണ്ട എന്നീ ചിത്രങ്ങളാണ് മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുക.