‘താക്കോൽ ഒരുങ്ങുന്നു; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലേക്ക്

November 26, 2019

മലയാളികളുടെ പ്രിയ നടൻ ഇന്ദ്രജിത്ത് സുകുമാരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് താക്കോൽ. നവാഗതനായ കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫാദർ ആംബ്രോസ് ഓച്ചമ്പള്ളിയായാണ് ഇന്ദ്രജിത്ത് വെള്ളിത്തിരയിൽ എത്തുന്നത്. മുരളി ഗോപിയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടിയാൻ എന്ന ചിത്രത്തിന് ശേഷം ഇന്ദ്രജിത്തും മുരളി ഗോപിയും വീണ്ടുമൊന്നിക്കുന്ന ‘താക്കോൽ’ ഹാസ്യത്തിനും സസ്പെന്സിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കുമെന്നാണ് സൂചന.

സംവിധായകൻ ഷാജി കൈലാസാണ് ചിത്രം നിർമിക്കുന്നത്. മികച്ച തിരക്കഥ അവലംബമാക്കിയൊരുങ്ങുന്ന താക്കോൽ തീർത്തും വ്യത്യസ്ഥമായ ഒരു സിനിമയിയിരിക്കുമെന്ന് ഷാജി കൈലാസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകുന്നത്. ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘കാഞ്ചി’, ‘ഈ അടുത്ത കാലത്ത്’, ‘ടിയാൻ’ എന്നിവയാണ് ഇന്ദ്രജിത്തും മുരളി ഗോപിയും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ.

റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. എം ജയചന്ദ്രനാണ് സംഗീത സംവിധായകന്‍. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ‘ഇലക്ട്ര’ എന്ന സിനിമയുടെ തിരക്കഥ രചനയിലൂടെ ശ്രദ്ധ നേടിയ എഴുത്തുകാരന്‍ കൂടിയാണ് കിരണ്‍ പ്രഭാകരന്‍. ‘അരനാഴിക നേരം’ എന്ന സീരിയലിന്റെ തിരക്കഥയ്ക്ക് സംസ്ഥാന അവാര്‍ഡും അദ്ദേഹം നേടിയിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി രഞ്ജി പണിക്കരും നെടുമുടി വേണുവും വേഷമിടുന്നുണ്ട്.

“ഇന്ദ്രജിത്തും മുരളി ഗോപിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അവർ രണ്ടു പേരും തമ്മിലുള്ള കെമിസ്ട്രിയാണ് സിനിമയുടെ ചാലക ശക്തി. തിരക്കഥ പൂർത്തിയായപ്പോൾ തന്നെ ഇതിലേക്ക് ഇന്ദ്രജിത്തും മുരളി ഗോപിയുമായിരിക്കും ഏറ്റവും അനുയോജ്യരെന്നു തോന്നി . അവരെ സമീപിച്ചപ്പോള്‍ രണ്ടു പേര്‍ക്കും തിരക്കഥ ഇഷ്ടമായി സസ്പെൻസ് എലെമെന്റുമായെത്തുന്ന ചിത്രം ഹാസ്യത്തിന്റെ അകമ്പടിയോടെയായിരിക്കും അവതരിപ്പിക്കുന്നത്”. സംവിധായകന്‍ കിരണ്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രം ഡിസംബർ ആറിന് തിയേറ്ററുകളിൽ എത്തും.