സിനിമാ ബന്ദ്; ‘ജാക്ക് ഡാനിയല്‍’ റിലീസ് മാറ്റി

November 13, 2019

നാളെ തിയേറ്ററുകളിലെത്താനിരുന്ന ദിലീപ് ചിത്രം ജാക്ക് ഡാനിയലിന്റെ റിലീസ് മാറ്റി. സിനിമാ ബന്ദിനെത്തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുന്നത്. ‘ജാക്ക് ഡാനിയല്‍’ നവംബര്‍ 15 വെള്ളിയാഴ്ച മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സിനിമാ ടിക്കറ്റുകള്‍ക്ക് അധിക വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബന്ദ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സിനിമാ ചിത്രീകരണം അടക്കം നാളെ നിര്‍ത്തിവെക്കാനാണ് തീരുമാനം.

ദിലീപിനൊപ്പം തമിഴകത്തെ സൂപ്പര്‍ താരം അര്‍ജുനും ‘ജാക്ക് ഡാനിയല്‍’ എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. എസ്എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ സംവിധാനം. ജയസൂര്യ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

Read more:ലാല്‍ജോസ് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ നായകനായി പൃഥ്വിരാജ്: വീഡിയോ

പീറ്റര്‍ ഹെയ്‌ന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. അതേസമയം 2007 ല്‍ തിയേറ്ററുകളിലെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും എസ്എല്‍പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ജാക്ക് ഡാനിയലിനുണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു കമല്‍ തമീന്‍സാണ് ‘ജാക്ക് ഡാനിയലി’ന്റെ നിര്‍മ്മാണം. ഷാന്‍ റഹ്മാന്‍, ഗോപി സുന്ദര്‍ എന്നിവരാണ് ജാക്ക് ഡാനിയലിന്റെ സംഗീത സംവിധാനം. ജോണ്‍കുട്ടിയാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.