രാഷ്ട്രിയക്കാരനായി ജോജു; വൺ ചിത്രീകരണം പുരോഗമിക്കുന്നു

November 14, 2019

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വൺ. മലയാളത്തിന് നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ബോബി സഞ്ജയ് കൂട്ടുകെട്ടിൽ വിരിയുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ്. ചിത്രത്തിൽ മമ്മൂട്ടി മുഖ്യമന്ത്രിയായാണ് വേഷമിടുന്നത്. കടക്കല്‍ ചന്ദ്രൻ എന്നാണ്  മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ പാർട്ടി സെക്രട്ടറിയായി ജോജു ജോർജും എത്തുന്നുവെന്നതാണ് ആരാധകരെ ഏറെ ആകാംഷയിലാക്കുന്നത്. പ്രതിപക്ഷ നേതാവായി മുരളി ഗോപിയും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

മലയാളത്തിലെ പ്രമുഖതാരനിരകളും  അണിനിരക്കുന്ന ചിത്രം  ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറാണ് നിര്‍മിക്കുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് വണ്‍. അതേസമയം ജോജുവിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം ‘പൊറിഞ്ചു മറിയം ജോസാണ്’. താരം പ്രധാന കഥാപാത്രമായി ഒരുങ്ങിയ ‘ചോല’ എന്ന ചിത്രം ഡിസംബറിൽ തിയേറ്ററിൽ എത്തും.

മലയാള സിനിമയിൽ  ജൂനിയർ ആർട്ടിസ്റ്റായി എത്തിയ ജോജു ജോർജ് എന്ന നടനിപ്പോൾ നായകനായി മാറിക്കഴിഞ്ഞു. ജൂനിയർ ആർട്ടിസ്റ്റായും വില്ലനായും ഹാസ്യ കഥാപാത്രമായുമൊക്ക വെള്ളിത്തിരയിൽ പരീക്ഷണങ്ങൾ നടത്തിയ ജോജു പ്രധാന കഥാപാത്രമായി എത്തിയ ‘ജോസഫും’, ‘പൊറിഞ്ചു മറിയം ജോസു’മെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങൾ ആയിരുന്നു.

മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അടുത്തിടെ  ജോജു എന്ന നടനെ തേടിയെത്തിയിരുന്നു. ‘ജോസഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജുവിന് പുരസ്‌കാരം ലഭിച്ചത്. ചിത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായാണ് താരം വേഷമിട്ടത്.

Read also: കല്യാണ ക്ഷണക്കത്ത് തൂവാലയിൽ, സമ്മാനമായി വിത്തുകളും മരത്തൈകളും; ഇതിന് പിന്നിലെ കാരണമിതാണ് ! 

അതേസമയം  മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് മാമാങ്കം. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് മാമാങ്കം.

ഷൈലോക്ക് എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം.