പ്രണയം പറഞ്ഞ് അജു; കമലയിലെ ആദ്യഗാനം കാണാം

November 2, 2019

അജു വര്‍ഗീസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘കമല’. രഞ്ജിത് ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പാസഞ്ചര്‍, അര്‍ജുന്‍ സാക്ഷി എന്നീ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത് ശങ്കറിന്റേതായി ഒരുങ്ങുന്ന ത്രില്ലര്‍ പ്രമേയമുള്ള ചിത്രമാണ് കമല. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘എന്തേ മുല്ലേ…’ എന്നാരംഭിക്കുന്ന പാട്ടാണ് ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയിരിക്കുന്നത്. ആനന്ദ് മധുസൂദനനാണ് പാട്ടിന്റെ വരികളെഴുതി സംഗീതം നൽകിയിരിക്കുന്നത്. മിഥുൻ ജയരാജ് ആണ് ആലാപനം.

പഞ്ചാബി, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയയായ റുഹാനി ശര്‍മ്മയാണ് കമലയിൽ അജുവിന്റെ നായികയായി അരങ്ങേറുന്നത്. റുഹാനിയുടെ ആദ്യ മലയാളം ചിത്രമാണ് കമല. അതേസമയം തന്റെ ഇതു വരെയുള്ള തിരക്കഥകളിലെ ഏറ്റവും സങ്കീർണ്ണമായ കഥാപാത്രമാണിതെന്നും തന്നെ അത്ഭുതപ്പെടുത്തിയ നടിയാണ് റഹാനിയെന്നും നായികയെ  പരിചയപെടുത്തികൊണ്ട് രഞ്ജിത്ത് ശങ്കർ നേരത്തെ അറിയിച്ചിരുന്നു.

ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍. സസ്‌പെന്‍സ് നിറച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. നിഗൂഢത നിറഞ്ഞ രംഗങ്ങളാണ് ട്രെയ്‌ലറില്‍ അധികവും ഇടം നേടിയിരിക്കുന്നത്. അനൂപ് മേനോന്‍, ബിജു സോപാനം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കമല 36 മണിക്കൂറുകള്‍ക്കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. രഞ്ജിത് ശങ്കറിനൊപ്പം അജു വര്‍ഗീസ് ഒരുമിക്കുന്ന ഏഴാമത്തെ ചിത്രം എന്ന പ്രത്യേകതയും കമലയ്ക്ക് ഉണ്ട്. സുസു സുധി വാത്മീകം, പുണ്യാളന്‍ അഗര്‍ബത്തീസ്, രാമന്റെ ഏദന്‍തോട്ടം, പ്രേതം തുടങ്ങിയ രഞ്ജിത് ശങ്കര്‍ ചിത്രങ്ങളില്‍ അജു വര്‍ഗീസ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Read more: ‘പൊൻ താരമേ’; പ്രേക്ഷകശ്രദ്ധനേടി ഹെലനിലെ ആദ്യ ഗാനം; വീഡിയോ

രഞ്ജിത് ശങ്കര്‍ ജയസൂര്യ ടീമിന്റെ ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സ് ആണ് കമല എന്ന സിനിമയുടെ നിര്‍മ്മാണം. അതേസമയം ജയസൂര്യ പ്രധാന കഥാപാത്രമായെത്തിയ പ്രേതം 2 ആണ് രഞ്ജിത് ശങ്കര്‍ ഒരുക്കിയ അവസാന ചിത്രം. ഈ വര്‍ഷം നവംബറില്‍ കമല തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.