അന്ന് പൂട്ടാന്‍ തീരുമാനിച്ച ആ സര്‍ക്കാര്‍ സ്‌കൂള്‍ അങ്ങനെ എടക്കാട് ബറ്റാലിയനില്‍ റിസോര്‍ട്ടായി: വീഡിയോ

November 1, 2019

തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ടൊവിനോ തോമസ് നായകനായെത്തുന്ന എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമ. ചിത്രം തിയറ്ററുകളിലെത്തുന്നതിന് മുമ്പേ ചിത്രത്തിലെ ഗാനങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടി. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സിനിമയില്‍ ടൊവിനോയുടെയും സംയുക്തയുടെയും വിവാഹത്തെ ആഘോഷമാക്കുന്ന ഒരു ഗാനമുണ്ട്.

‘ചടങ്ങ് ഗംഭീരമാക്കണം. കാരപ്പറമ്പ് റിസോര്‍ട്ടില്‍വച്ചാണ് ഫംഗ്ഷന്‍’ ഗാനത്തിന് മുമ്പേയുള്ള ഡയലോഗാണിത്. എന്നാല്‍ കാരപ്പറമ്പില്‍ അങ്ങനൊരു റിസോര്‍ട്ട് ഇല്ല. സിനിമയില്‍ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ആ കാരപ്പറമ്പ് റിസോര്‍ട്ട് ശരിക്കും ഒരു സ്‌കൂളാണ്. കാരപ്പറമ്പിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍. അങ്ങനെ സിനിമയില്‍ നിറഞ്ഞു നിന്നു ആ സ്‌കൂള്‍ റിസോര്‍ട്ട്.

Read more:പെട്രോള്‍ പമ്പിലേക്ക് ‘പറന്ന്’ കയറുന്ന കാര്‍; അപകടകാരണം അമിതവേഗം: വൈറല്‍ വീഡിയോ

എന്നാല്‍ ഈ സ്‌കൂളിനെക്കുറിച്ച് മറ്റൊരു കാര്യംകൂടിയുണ്ട്. കുട്ടികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ പൂട്ടാന്‍ തീരുമാനിച്ച സ്‌കൂളായിരുന്നു ഇത്. എന്നാല്‍ പിന്നീട് എം എല്‍ എ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പുതുക്കിപ്പണിഞ്ഞു. ഇന്ന് എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട് ഈ സ്‌കൂളില്‍. മനോഹരമായ സ്‌കൂളും പരിസരവും സിനിമയില്‍ അതിമനോഹരമായ റിസോര്‍ട്ട് ആയിമാറി.

നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. നടനും സംവിധായകനുമായ പി ബാലചന്ദ്രന്റേതാണ് എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിന്റെ തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രത്തില്‍ ഒരു പട്ടാളക്കാരനായാണ് ടൊവിനോ തോമസ് എത്തുന്നത്. ഒരു പട്ടാളക്കാരന്റെ ജീവിതചുറ്റുപാടുകളാണ് ചിത്രത്തിന്റെ പ്രമേയം. ദിവ്യ പിള്ളെ, പി ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദുചൂഢന്‍, ശാലു റഹീം തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് എടക്കാട് ബറ്റാലിയന്‍ 06ല്‍.