കലാമണ്ഡലം ഹൈദരാലിയായി നിഖില്‍ രഞ്ജി പണിക്കര്‍; വീഡിയോ ഗാനം

November 27, 2019

പ്രശസ്ത കഥകളി ഗായകനായിരുന്ന കലാമണ്ഡലം ഹൈദരാലിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. പ്രദര്‍ശനത്തിനൊരുങ്ങുകയാണ് ചിത്രം. കിരണ്‍ ജി നാഥാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘കലാമണ്ഡലം ഹൈദരാലി’ എന്നാണ് ചിത്രത്തിന്റെ പേര്. നിഖില്‍ രഞ്ജി പണിക്കര്‍ ചിത്രത്തില്‍ കലാമണ്ഡലം ഹൈദരാലിയായി എത്തുന്നു. മലയാള ചലച്ചിത്രരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടന്‍ രഞ്ജി പണിക്കരുടെ മകനാണ് നിഖില്‍.

അജു കെ നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ. മതേതരത്വം നിറഞ്ഞ ഹൈദരാലിയുടെ ജീവിതമാണ് സിനിമയിലൂടെ പുനഃരാവിഷ്‌കരിക്കുന്നത്. നിഖിലും രഞ്ജി പണിക്കരും ചിത്രത്തില്‍ കലാമണ്ഡലം ഹൈദരാലിയുടെ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങള്‍ അവതരിപ്പിക്കുന്നു.

Read more:ചിരിയും പ്രണയവും പിന്നെ ആക്ഷനും; ‘ഹാപ്പി സര്‍ദാര്‍’ ട്രെയ്‌ലര്‍

അതേസമയം ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ഈ മാസം 23 നാണ് വീഡിയോ ഗാനം പുറത്തിറങ്ങിയത്.  ‘കാരുണ്യാനിധേ കാന്താ…’ എന്നു തുടങ്ങുന്ന കഥകളിപ്പദമാണ് വീഡിയോ ഗാനമായി പുറത്തെത്തിയിരിക്കുന്നത്. കഥകളി സംഗീതജ്ഞനായ കോട്ടയ്ക്കല്‍ മധു ആണ് ഈ കഥകളിപ്പദത്തിന്‍റെ ആലാപനം.

ഭാവാര്‍ദ്രമായ ആലാപനത്തോടെ കഥകളി സംഗീതത്തെ ജനപ്രിയമാക്കിയ കലാകാരനാണ് കലാമണ്ഡലം ഹൈദരാലി. നിരവധി വേദികളില്‍ ഇദ്ദേഹം കഥകളി സംഗീതം ആലപിച്ചിട്ടുണ്ട്. ഹൈന്ദവ ക്ലാസിക്കല്‍ കലാരൂപമായ കഥകളി രംഗത്ത് പ്രവര്‍ത്തിച്ച ആദ്യ മുസ്ലീമാണ് കലാമണ്ഡലം ഹൈദരാലി.