ഐതിഹ്യകഥകളിലെ കേരളം; അറിയാം ചില രസകരമായ കേരളപ്പിറവി കഥകൾ

November 1, 2019

ഇന്ന് കേരള സംസ്ഥാനം നിലവിൽ വന്ന് അറുപത്തി മൂന്ന് വർഷം പൂർത്തിയാകുന്നു. അറുപത്തി മൂന്നാം ജന്മ ദിനം സംസ്ഥാനം ആഘോഷിക്കുമ്പോള്‍ പ്രളയത്തിന് ശേഷം നവ കേരളം വാർത്തെടുക്കാനുള്ള ശ്രമത്തിൽ കൂടിയാണ് മലയാളികൾ.

കേരളപിറവിയുടെ ചരിത്രം…

ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 – ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും വിഭജനത്തിനും ആധാരം.

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവി ദിനമായി ആഘോഷിക്കപ്പെടുന്നു.

ഐതിഹ്യകഥകളിലെ കേരളം…

ഇന്ത്യയുടെ തെക്കു പടിഞ്ഞാറു കിടക്കുന്ന ഈ ദൈവത്തിന്റെ സ്വന്തം നാടിനെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്…

ജമദഗ്നി മഹര്‍ഷിയുടെ പുത്രന്‍ രാമനായി മഹാവിഷ്ണു അവതരിച്ചു. ശിവ ഭക്തനും വീരശൂരപരാക്രമിയുമായ രാമന്‍ തന്റെ ആയുധമായ പരശു അഥവാ മഴുവിന്റെ  പേരും ചേര്‍ത്ത് പരശുരാമന്‍ എന്നാണ് അറിയപ്പെട്ടത്.

അധികാര ദുര്‍മോഹികളും, അഹങ്കാരികളും സ്വാര്‍ത്ഥ തല്‍പരരുമായ ക്ഷത്രിയരുമായി 21 പ്രാവശ്യം ഘോര യുദ്ധം നടത്തി പരശുരാമൻ അവരെ വധിച്ചശേഷമാണ് നാട്ടില്‍ സമാധാനവും, സന്തോഷവും നിലനിര്‍ത്തിയിരുന്നത്.  അതിനുശേഷം പരശുരാമന്‍ തനിക്ക് തപസ്സിരിക്കാന്‍ ഒരു സ്ഥലം തേടി പശ്ഛിമഘട്ടത്തിന്‍ കരിനീല വന പ്രദേശത്തെത്തുകയായിരുന്നു. അവിടെ വരുണ ദേവന്‍ പരശുരാമന് പ്രത്യക്ഷനായി, കടലില്‍ “പരശു’ എറിഞ്ഞ് ലഭിക്കുന്ന ഭൂമി തപസ്സിരിക്കാൻ എടുത്തു കൊളളാന്‍ പരശുവിന് വരുണ ദേവൻ വരം നൽകി. അങ്ങനെ പരശുരാമൻ മഴു എറിഞ്ഞ് ഉണ്ടായതാണ് ഈ മനോഹരമായ കൊച്ചു കേരളമെന്നാണ് ഐതിഹ്യ കഥകളിൽ പറയുന്നത്.