ആസിഫ് അലി നായകനായി ‘കെട്ട്യോളാണ് എന്റെ മാലാഖ’; നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

November 21, 2019

ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. നിസ്സാം ബഷീറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.  ചിത്രം നവംബര്‍ 22 ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിനും വേണ്ടിയുള്ള ആസിഫ് അലിയുടെ ലുക്കും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നുണ്ട്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്റ്റിന്‍ സ്റ്റീഫന്‍, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അജി പീറ്റര്‍ തങ്കമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന സിനിമയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള ചിത്രസംയോജനവും നിര്‍വഹിക്കുന്നു.

ചിത്രത്തിന്റേതായി അടുത്തിടെ ‘പതിവോ മാറും…’ എന്നു തുടങ്ങുന്ന ഒരു ഗാനം പുറത്തിറങ്ങിയിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിക്കുന്നതും. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. വില്യം ഫ്രാന്‍സിസ് സംഗീതം പകര്‍ന്നിരിക്കുന്നു. നിരഞ്ജ് സുരേഷിന്റെ ആര്‍ദ്രമായ ആലാപനം ഗാനത്തെ കൂടുതല്‍ മികച്ചതാക്കുന്നു.

ചിത്രത്തിലേതായി മറ്റൊരു ഗാനവും നേരത്തെ പുറത്തിറങ്ങിയിരുന്നു. ‘എന്നാ ഉണ്ട്രാ ഉവ്വേ…’ എന്നു തുടങ്ങുന്ന ഗാനത്തിനും പ്രേക്ഷകരില്‍ നിന്നും മികച്ച സ്വീകാര്യത ലഭിച്ചു. അതേസമയം ‘അണ്ടര്‍ വേള്‍ഡ്’ ആണ് ആസിഫ് അലിയുടേതായി തിയേറ്ററുകളില്‍ അവസാനമായി പ്രദര്‍ശനത്തിനെത്തിയ ചിത്രം. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘അണ്ടര്‍ വേള്‍ഡ്’. ആസിഫ് അലിക്ക് പുറമെ ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍, സംയുക്ത മേനോന്‍, കേതകി നാരായണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആസിഫ് അലിയുടെ മകന്‍ ആദം അലിയും ചിത്രത്തില്‍ കഥാപാത്രമായെത്തുന്നു.

ഇതിനുപുറമെ ആര്‍ജെ മാത്തുക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭമായ ‘കുഞ്ഞെല്‍ദോ’ എന്ന ചിത്രത്തിലും ആസിഫ് അലിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘കുഞ്ഞെല്‍ദോ’ എന്ന സിനിമയുടെ രചനയും മാത്തുക്കുട്ടി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്നു. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.