‘കുമ്പളങ്ങി നൈറ്റ്‌സ്’, ‘അമ്പിളി’, ‘ഹെലന്‍’ ഈ ചിത്രങ്ങള്‍ തമ്മില്‍ ഇങ്ങനെയുമുണ്ടൊരു ബന്ധം: ചിരിനിറച്ച് ഒരു കാസ്റ്റിങ് സ്റ്റോറി

November 12, 2019

സാമൂഹ്യമാധ്യമങ്ങള്‍ പലപ്പോഴും ക്രിയേറ്റിവിറ്റി വളരെ മനോഹരമായി ഉപയോഗപ്പെടുത്താനുള്ള അവസരം നല്‍കാറുണ്ട്.  അടുത്തിടെ ‘ദൃശ്യം’ സിനിമയ്ക്ക് ഗംഭീര ട്വിസ്റ്റോടുകൂടിയ ഒരു ക്ലൈമാക്‌സ് ഒരുക്കിക്കൊണ്ട് ശ്യാം വര്‍ക്കല സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ് രസകരമായ ഒരു ‘കാസ്റ്റിങ് സ്‌റ്റോറി’. ഫഹീര്‍ മൈതൂട്ടി എന്ന പ്രേക്ഷകന്റെ ട്വീറ്റാണ് വൈറലായിരിക്കുന്നത്.

2019-ല്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ‘കുമ്പളങ്ങി നൈറ്റ്‌സ്’, ‘അമ്പിളി’ എന്നീ ചിത്രങ്ങളുടെയും തിയേറ്ററുകളിലേക്ക് എത്താനിരിക്കുന്ന ‘ഹെലന്‍’ എന്ന ചിത്രത്തിന്റെയും കാസ്റ്റിങ് സ്റ്റോറിയാണ് രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. ഈ മൂന്നു ചിത്രങ്ങളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഒരുക്കിയ ഈ കാസ്റ്റിങ് സ്റ്റോറി ചിരി നിറയ്ക്കുന്നു.

Read more:കൈയിലൊരു പാത്രവുമായി ഒന്നാംക്ലാസിലേക്ക് എത്തിനോട്ടം; ‘വിശപ്പിന്റെ നോട്ടം’ വൈറലായി കുഞ്ഞുമോത്തിക്ക് ഇനി പഠിക്കാം, വിശന്നിരിക്കാതെ…

ഫഹീറിന്റെ ഭാവനയില്‍ വിരിഞ്ഞ കഥയാണെങ്കിലും മൂവി മീമുകളിലൂടെ രസകരമായി ഈ കാസ്റ്റിങ് സ്റ്റോറി അവതരിപ്പിച്ചിട്ടുണ്ട്. ‘കുമ്പളങ്ങി നൈറ്റ്‌സില്‍’ സജി എന്ന കഥാപാത്രം ഷമ്മിയെ കാണാന്‍ പോകുന്നിടത്തുനിന്നുമാണ് ഈ കാസ്റ്റിങ് സ്‌റ്റോറിയുടെ ആരംഭം. ഷമ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദ് സജിയായി ചിത്രത്തിലെത്തിയ സൗബിന്‍ സാഹിറിനോട് നസ്രിയയുടെ സഹോദരന്‍ നവീനുവേണ്ടി ചാന്‍സ് ചോദിക്കുകയാണ്. സൗബിന്‍ പ്രധാന കഥാപാത്രമായെത്തിയ ‘അമ്പിളി’ എന്ന ചിത്രത്തില്‍ നവീന്‍ എത്തിയതെങ്ങനെയെന്ന് ഭാവാത്മകമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ കാസ്റ്റിങ് സ്റ്റോറിയില്‍.

ഇതിനുപുറമെ ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തില്‍ ബേബി മോളായെത്തിയ അന്ന ബെന്‍ ‘ഹെലനില്‍’ നായികയായെത്താന്‍ വിനീത് ശ്രിനീവാസനോട് ചാന്‍സ് ചോദിക്കുന്നതിനെക്കുറിച്ചും മൂവി മീമിലൂടെ അവതരിപ്പിച്ചിരിക്കുന്നു. എന്തായാലും ഫഹീറിന്റെ ഈ ക്രീയേറ്റിവിറ്റിയെ പുകഴ്ത്തുകയാണ് സോഷ്യല്‍മീഡിയ.