‘കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല’; അനുഭവങ്ങള്‍ ചേര്‍ത്തുവെച്ച് ലക്ഷ്മിപ്രിയയുടെ പുസ്തകം

അഭിനയമികവിലൂടെ വെള്ളിത്തിരയിലും ടെലിവിഷന്‍ സ്‌ക്രീനിലും വ്യത്യസ്ത കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്ന താരമാണ് നടി ലക്ഷ്മിപ്രിയ. സിനിമ- സീരിയല്‍ അഭിനയരംഗത്ത് ശ്രദ്ധ നേടുന്ന താരം തന്റെ അനുഭവങ്ങള്‍ ചേര്‍ത്തുവെച്ചുകൊണ്ട് ഒരു പുസ്തകം എഴുതിയിരിക്കുകയാണ്. ‘കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല’ എന്നാണ് പുസ്തകത്തിന്റെ പേര്. നവംബര്‍ ഏഴിന് ഷാര്‍ജ ഇന്‍റര്‍നാഷ്ണല്‍ ബുക്ക് ഫെസ്റ്റിവലില്‍ ഈ പുസ്തകം പ്രകാശനം ചെയ്യും.
മുപ്പത്തിനാല് വയസുവരെയുള്ള ജീവിത കാലഘട്ടങ്ങളില്‍ ലക്ഷ്മിപ്രിയയുടെ മനസിനെ ഏറെ സ്പര്‍ശിച്ചിട്ടുള്ള കാര്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഓര്‍മ്മക്കുറിപ്പുകള്‍ എന്നതിനപ്പുറം ഗൗരവമേറിയതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഒറ്റപ്പെടലിന്റെ ഭയങ്കരമായ വേദന അനുഭവിച്ചിട്ടുള്ള ഒരു കുട്ടി ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന സാഹചര്യങ്ങളെല്ലാം പുസ്തകത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. വിവാദങ്ങളല്ല മറിച്ച് പച്ചയായ ജീവിതാനുഭവങ്ങളാണ് ‘കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല’ എന്ന പുസ്തകത്തില്‍ പ്രതിഫലിച്ചിരിക്കുന്നത്.
സത്യന്‍ അന്തിക്കാട് അവതാരിക എഴുതിയിരിക്കുന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് സൈകതം ബുക്‌സാണ്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ ലക്ഷ്മിപ്രിയ ഫേസ്ബുക്കില്‍ പങ്കുവയ്ക്കാറുള്ള ചെറുകുറിപ്പുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. ‘കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല’ എന്ന പുസ്തകത്തിലൂടെ താരം പുതിയൊരു വായനാനുഭവം ആസ്വാദകര്‍ക്ക് സമ്മാനിക്കുമെന്നുറപ്പ്.