വിശ്വസുന്ദരിപട്ടം നേടാനാഗ്രഹിക്കുന്നവരോട് ലാറ ദത്തയ്ക്ക് പറയാനുള്ളത്….

November 14, 2019

2000-ൽ ഇന്ത്യയ്ക്കായി വിശ്വസുന്ദരി പട്ടം നേടി ബോളിവുഡിലേക്ക് ചുവട് വെച്ച താരമാണ് ലാറ ദത്ത. ഇന്നും ഇന്ത്യയുടെ അവസാനത്തെ വിശ്വസുന്ദരി സ്ഥാനം നിലനിർത്തുകയാണ് ലാറ. സൗന്ദര്യ മത്സരങ്ങൾക്ക് ഒരുങ്ങുന്നവർക്ക് പലപ്പോഴും  വഴികാട്ടിയായി എത്താറുണ്ട് നടി. ഇന്നും മോഡലിംഗ് രംഗത്ത് സജീവമാണ് ലാറ. സൗന്ദര്യ മത്സരങ്ങളിൽ മാറ്റുരയ്ക്കാനും ബോളിവുഡിൽ നിലനിൽക്കാനും നല്ല ശക്തരായവർക്കേ സാധിക്കു എന്ന് പറയുകയാണ് മുൻ വിശ്വ സുന്ദരി ലാറ ദത്ത.

ലാറയ്ക്ക് ശേഷം ഇന്നുവരെ ഇന്ത്യയിലേക്ക് വിശ്വസുന്ദരി പട്ടം എത്തിയിട്ടില്ല. അതിന്റെ കാരണങ്ങളും സൗന്ദര്യ മത്സരങ്ങളുടെ പ്രത്യേകതയുമൊക്കെ പങ്കുവയ്ക്കുകയായിരുന്നു ലാറ. 2020 ലേക്കുള്ള  മിസ് ദിവ മത്സരാർത്ഥികളെ പരിശീലിപ്പിക്കുകയായിരുന്നു ലാറ ദത്ത. ലാറ വിശ്വ സുന്ദരി മത്സരത്തിൽ പങ്കെടുത്ത സമയത്തു തന്നെയാണ് പ്രിയങ്ക ചോപ്രയും ലോകസുന്ദരി പട്ടത്തിനായി മത്സരിച്ചത്.

”ഞാനും  പ്രിയങ്ക ചോപ്രയും ദിയ മിർസയുമൊക്കെ വളരെ ചെറുപ്പത്തിലാണ് സൗന്ദര്യ മത്സര വേദിയിലേക്ക് എത്തിയത്. അന്ന് ഞങ്ങൾക്ക് 18-19 വയസ് മാത്രമാണുള്ളത്. ഞങ്ങളെ അപേക്ഷിച്ച് ഇപ്പോഴുള്ള കുട്ടികൾക്ക് തയാറെടുപ്പുകൾ കൂടുതലുണ്ട്.  ഇന്നത്തെ കുട്ടികൾ ഈ പ്രായത്തിലും സമൂഹമാധ്യമങ്ങളിലൂടെ എല്ലാം പഠിച്ചിട്ടുണ്ട്. ഗ്രൂമിങ് ഒക്കെ കഴിഞ്ഞാണ് പലരും സൗന്ദര്യ മത്സരങ്ങൾക്ക് എത്തുന്നത്.” ലാറ ദത്ത പറയുന്നു.

തനിക്ക് ശേഷം ആർക്കും വിശ്വസുന്ദരിപട്ടം സ്വന്തമാക്കാൻ കഴിയാത്തതിനെക്കുറിച്ചും ലാറ മനസ് തുറക്കുന്നു – ‘ 1994 -2000 കാലഘട്ടങ്ങളിൽ ധാരാളം പേര് വിശ്വസുന്ദരിയായി ഇന്ത്യയിൽ നിന്നും കിരീടം  നേടിയിരുന്നു. അന്ന് അത് നമ്മുടെ വേദിയാണെന്നാണ് കരുതിയിരുന്നത്. ഫ്രാൻസൊക്കെ 54 വര്‍ഷം കാത്തിരുന്നാണ് കിരീടം ചൂടിയത്. നൂറോളം രാജ്യങ്ങൾ അങ്ങനൊരു അവസരത്തിനായി കാത്തിരിക്കുന്നുമുണ്ട്. അതിനാൽ തന്നെ ആ കിരീടം വീണ്ടും ഇന്ത്യയിൽ എത്താൻ ഒട്ടേറെ പരിശ്രമങ്ങൾ ആവശ്യമുണ്ട്. നല്ല മനക്കരുത്തും വേണം.” ലാറ പറയുന്നു.

Read more:‘പാലോം പാലോം നല്ല നടപ്പാലോം’ പാടി അച്ഛന്റെ കയ്യുംപിടിച്ച് പാലം കടക്കുന്ന കുരുന്ന്: വൈറല്‍ വീഡിയോ

പക്ഷെ പുറമെ നോക്കുമ്പോൾ എളുപ്പമെങ്കിലും പ്രതീക്ഷിക്കുന്നതിനപ്പുറമാണ് മത്സര വേദിയിൽ സംഭവിക്കുന്നതെന്നും ലാറ ദത്ത പറയുന്നു  “എല്ലാം മനസിലാക്കി എന്ന് കരുതി വിജയം പ്രതീക്ഷിച്ചാലും ആ വേദിയിലെത്തുമ്പോൾ അമ്പരപ്പാകും. കാരണം കഴിഞ്ഞ അഞ്ചു വർഷത്തിൽ നിന്നും വ്യത്യസ്തമായി  പുതിയ ചിലതാണ്  നിങ്ങളിൽ നിന്നും അവർ വേദിയിൽ പ്രതീക്ഷിക്കുക ” – ലാറ മത്സരാർത്ഥികളെ ഓർമ്മിപ്പിക്കുന്നു.