‘മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങള്‍ക്ക് ഫിലിം ഫെയര്‍ നോമിനേഷന്‍’; വാര്‍ത്ത വ്യാജം: കുറിപ്പ്‌

November 20, 2019

മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങള്‍ക്ക് ഫിലിം ഫെയര്‍ നോമിനേഷന്‍ ലഭിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് മമ്മൂട്ടിയുടെ ഔദ്യോഗിക ഫാന്‍സ് അസോസിയേഷന്‍ വൃത്തങ്ങള്‍. ചരിത്രത്തില്‍ ആദ്യമായി ഒരു താരത്തിന്റെ മൂന്ന് വ്യത്യസ്ത ഭാഷകളിലുള്ള ചിത്രങ്ങള്‍ ഒരേ വര്‍ഷം ഫിലിം ഫെയര്‍ അവാര്‍ഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഔദ്യോഗിക ഫാന്‍സ് വൃത്തങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ തമിഴ് ചിത്രം ‘പേരന്‍പ്’, തെലുങ്ക് ചിത്രം ‘യാത്ര’, മലയാള ചിത്രം ‘ഉണ്ട’ എന്നീ ചിത്രങ്ങള്‍ക്ക് ഫിലിം ഫെയര്‍ നോമിനേഷന്‍ ലഭിച്ചു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മൂന്ന് ഭാഷകളില്‍ നിന്നായി മമ്മൂക്കയുടെ മൂന്ന് ചിത്രങ്ങള്‍ ഇത്തവണ ഫിലിം ഫെയര്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടു എന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങളിലുള്‍പ്പടെ പരക്കെ പ്രചാരത്തിലെത്തിയ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതവും ആരുടെയോ വ്യാജ സൃഷ്ടിയുമാണ്.. ഈ വര്‍ഷം ഇനിയും അവസാനിക്കാനിരിക്കെ ഈ പറയപ്പെടുന്ന ചിത്രങ്ങളെല്ലാം അടുത്ത വര്‍ഷത്തെ പുരസ്‌കാര പരിധിയില്‍ പരിഗണിക്കപ്പെട്ടേക്കാവുന്നതാണെന്ന് ഒരു നിമിഷം ചിന്തിച്ചാല്‍ ബോധ്യപ്പെടാവുന്നതേയുള്ളു. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പടച്ചു വിടുകയും ഉറവിടം പോലും നോക്കാതെ അതേപടി അച്ചടിച്ച് കോളം തികക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ അല്പം കൂടി ഉത്തരവാദിത്വ ബോധ്യത്തോടെ വാര്‍ത്തകളെ സമീപിക്കണമെന്നും കാണുന്നതെന്തും അതേപടി ഷെയര്‍ ചെയ്യുന്ന പ്രവണത ഉത്തരവാദിത്വപെട്ട സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികള്‍ എങ്കിലും ശ്രദ്ധിക്കണമെന്നും അപേക്ഷിക്കുന്നു

Note : അവാര്‍ഡ് പ്രഖ്യാപന സമയം ജൂറിയെ പോയി സ്വയമ്പന്‍ തെറി വിളിച്ചു ആ മഹാ നടനെ മറ്റുള്ളവരുടെ മുന്നില്‍ തരം താഴ്ത്താന്‍ നമ്മളൊരു കാരണമാകരുതെന്നു സ്വയം പറഞ്ഞുറപ്പിക്കുക.