പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് കടയ്ക്കല്‍ ചന്ദ്രന്‍; മമ്മൂട്ടി ചിത്രം ‘വണ്‍’ ഒരുങ്ങുന്നു

November 11, 2019

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘വണ്‍’. കേരളാ മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുന്നുണ്ട്. പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന കടയ്ക്കല്‍ ചന്ദ്രനാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ളത്. സന്തോഷ് വിശ്വനാഥനാണ് ചിത്രത്തിന്റെ സംവിധായകന്‍.

അതേസമയം ‘വണ്‍’ എന്ന ചിത്രത്തില്‍ ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് വണ്‍. ഇച്ചായീസ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന വണ്‍, നിര്‍മ്മിച്ചിരിക്കുന്നത് ശ്രീലക്ഷ്മി ആര്‍ ആണ്. ഭൂപന്‍ താച്ചോയും ശങ്കര്‍ രാജുമാണ് സിനിമയുടെ കോപ്രൊഡ്യൂസേഴ്‌സ്.

Read more:കൈയിലൊരു പാത്രവുമായി ഒന്നാംക്ലാസിലേക്ക് എത്തിനോട്ടം; ‘വിശപ്പിന്റെ നോട്ടം’ വൈറലായി കുഞ്ഞുമോത്തിക്ക് ഇനി പഠിക്കാം, വിശന്നിരിക്കാതെ…

രമേഷ് പിഷാരടി സംവിധാനം നിര്‍വഹിച്ച ‘ഗാനഗന്ധര്‍വ്വന്‍’ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായീസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘വണ്‍’. ബോബി- സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആര്‍ വൈദി സോമസുന്ദരം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. നിഷാദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു.

നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. മമ്മൂട്ടിക്കും ജോജുവിനും പുറമെ, ശങ്കര്‍ രാമകൃഷ്ണന്‍, സലീം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.