പ്രായമൊക്കെ വെറുമൊരു നമ്പറല്ലേ; മമ്മൂട്ടിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

November 4, 2019

പ്രായമൊക്കെ വെറുമൊരു നമ്പറല്ലേ എന്നു പറഞ്ഞുപോകും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫോട്ടോ കണ്ടാല്‍. സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും ചുള്ളന്‍ ലുക്കിലുള്ള മമ്മൂട്ടിയുടെ ഒരു ചിത്രമാണ്. ഒരു ചടങ്ങിനിടെയുള്ള ചിത്രമാണിത്. കിടിലന്‍ ലുക്കില്‍ വേദിയിലേക്ക് നടന്നുപോകുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ടും ചിത്രം പങ്കുവച്ചുകൊണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന നടനാണ് മമ്മൂട്ടി. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. പതിറ്റാണ്ടുകള്‍ ഏറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമായിട്ട്. ‘ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല’ എന്ന് പലരും പറയാറുണ്ട് മമ്മൂട്ടിയെക്കുറിച്ച്. ഈ പറച്ചില്‍ വീണ്ടും ആവര്‍ത്തിക്കുകയാണ് മമ്മൂട്ടിയുടെ പുതിയ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുമ്പോള്‍.

Read more:അദ്വൈതിന് വേണ്ടി ദുല്‍ഖര്‍ പാടി; ശ്രദ്ധേയമായി ‘സര്‍ബത്ത് ആന്തം’ വീഡിയോ

അതേസമയം മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രമാണ് മാമാങ്കം. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിനും ചിത്രത്തിനു വേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്കിനും ലഭിക്കുന്നത്. ഈ മാസം 21 ന് മാമാങ്കം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

മലയാളത്തിനു പുറമെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും മാമാങ്കം മൊഴിമാറ്റുന്നുണ്ട്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് മാമാങ്കം. ചിത്രത്തിനായി ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകരും.